നേത്രാവതി എക്‌സ്പ്രസില്‍ നിന്ന് മലയാളി കുടുംബത്തിന്റെ പത്ത് പവനിലേറെ സ്വര്‍ണം കവര്‍ന്നു

 
Mumbai

നേത്രാവതി എക്‌സ്പ്രസില്‍ വൻ കവർച്ച; മലയാളി കുടുംബത്തിന്‍റെ 10 പവൻ സ്വര്‍ണം കവര്‍ന്നു

പ്രതിയെ തിരിച്ചറിഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ്

Mumbai Correspondent

താനെ: കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസ് ട്രെയ്നിൽ നിന്ന് മലയാളി കുടുംബത്തിന്‍റെ 14 ലക്ഷത്തോളം രൂപ വില മതിക്കുന്ന സ്വര്‍ണം കവര്‍ന്നു. താനെ കിസാന്‍ നഗര്‍ നിവാസികളായ സ്മിത പണിക്കര്‍, മകള്‍ ശ്രുതി പണിക്കര്‍ എന്നിവരുടെ 85 ഗ്രാം (ഏകദേശം 10.5 പവന്‍) സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കായംകുളത്തുനിന്നും താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന (ട്രെയ്ന്‍ നമ്പര്‍- 16346) സ്ലീപ്പര്‍ കോച്ചിലെ 79-ാം നമ്പര്‍ സീറ്റില്‍ വെച്ച് ഓഗസ്റ്റ് 31ന് പുലര്‍ച്ചെ 5.15നും 5.30നും ഇടയിലാണ് സംഭവം നടന്നത്. മഡ്ഗാവിനും തിവിമിനുമിടയിലുള്ള മജോര്‍ഡ ജംഗ്ഷന് സമീപത്തുവെച്ചാണ് കവര്‍ച്ച നടന്നതെന്നാണ് പരാതി. മൂന്ന് സ്വര്‍ണ വളകളും രണ്ട് പെന്‍ഡന്‍റുകൾ അടങ്ങിയ മൂന്ന് സ്വര്‍ണ മാലകളും അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

വാതിലിനടുത്തുള്ള സീറ്റിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. ട്രെയ്ന്‍ വേഗത കുറച്ച സമയം നോക്കി സ്മിതാ പണിക്കരുടെ കയ്യിലുണ്ടായിരുന്ന ബാഗ് മോഷ്ടാവ് പെട്ടെന്ന് തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ബാഗ് വിട്ടുകൊടുക്കാതെ സ്മിത തിരികെ പിടിമുറുക്കിയതോടെ ശക്തമായ പിടിവലിയുണ്ടായി. ബാഗുമായി ഓടുന്നതിനിടയില്‍ സ്മിതയെ വാതിലിനടുത്തേക്ക് വലിച്ചുകൊണ്ടുപോവുകയും പുറത്തേക്ക് തള്ളിയിടാന്‍ തക്കവിധം അപകടകരമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തില്‍ നിന്നും സ്മിത രക്ഷപ്പെട്ടത്. തുടര്‍ന്ന് മോഷ്ടാവ് ബാഗുമായി പുറത്തേക്ക് ചാടുകയായിരുന്നു.

മുംബൈയില്‍ ജോലി ചെയ്യുന്ന കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു. ബഹളം കേട്ട് ഉണര്‍ന്നു നോക്കുമ്പോഴേക്കും മോഷ്ടാവ് പുറത്തേക്ക് ചാടിപ്പോയിരുന്നുവെന്ന് അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. സ്ഥിരം ട്രെയിനുകളില്‍ മോഷണം നടത്തുന്നയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.

രാമക്ഷേത്ര ട്രസ്റ്റിന് പുതിയ സിഇഒ; മൂന്ന് പേരുടെ പട്ടിക കൈമാറി, അന്തിമ തീരുമാനം ബുധനാഴ്ച

പ്രിയദർശിനിയുടെ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്ന് ശുപാർശ; റിപ്പോർട്ട് സമർപ്പിച്ചു

ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവയുമായി കൂടിക്കാഴ്ച നടത്തി നിർമലാ സീതാരാമൻ

ബാങ്ക് ഒഫ് അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് കൊല്ലപ്പെട്ടു; പ്രതിയെ പൊലീസ് വധിച്ചു

ദേശീയപാത ടോൾ പിരിവിലെ തട്ടിപ്പ്; വിവിധ സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്