കനത്ത മഴ; ഝാർഖണ്ഡിലെ സ്കൂളിൽ കുടുങ്ങിയ 162 വിദ്യാർഥികളെ രക്ഷപ്പെടുത്തി
ജംഷഡ്പുർ: കനത്ത മഴയെത്തുടർന്ന് ഝാർഖണ്ഡിലെ റെസിഡൻഷ്യൽ സ്കൂളിൽ കുടുങ്ങിയ 162 കുട്ടികളെ രക്ഷപ്പെടുത്തി. കിഴക്കൻ സിങ്ക്ബും ജില്ലയിലെ കോവാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലവ് കുശ് റെസിഡൻഷ്യൽ സ്കൂളാണ് മഴയിൽ ഒറ്റപ്പെട്ടത്. ശനിയാഴ്ച വൈകിട്ടോടെയുണ്ടായ കനത്ത മഴയിൽ പ്രദേശത്തെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ഒറ്റ നിലയിൽ നിർമിച്ചിരിക്കുന്ന സ്കൂൾ കെട്ടിടം പാതിയോളം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.
അധ്യാപകർ വിദ്യാർഥികളെ കെട്ടിടത്തിന്‍റെ മുകൾനിലയിലേക്ക് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച രാത്രി മുഴുവൻ കുട്ടികൾ മുകൾ നിലയിൽ സമയം ചെലവഴിച്ചതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്.
ഞായറാഴ്ച പുലർച്ചയോടെ പൊലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘം ബോട്ടിൽ എത്തിയാണ് കുട്ടികളെ സ്കൂളിൽ നിന്ന് പുറത്തെത്തിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.