5 ദിവസത്തെ വിത്യാസത്തിൽ രണ്ട് കുട്ടികളുടെ ആത്മഹത്യകൾ! സ്‌കൂൾ അധികൃതർക്കും മാതാപിതാക്കൾക്കുമെതിരേ വൻ വിമർശനം

 
police vehicle file image
India

5 ദിവസത്തെ വ്യത്യാസത്തിൽ രണ്ട് കുട്ടികളുടെ ആത്മഹത്യകൾ! സ്‌കൂൾ അധികൃതർക്കും മാതാപിതാക്കൾക്കുമെതിരേ വൻ വിമർശനം

കൗമാരക്കാരുടെ ഇത്തരം ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്‌കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും വീഴ്ചയാണ് ഇതിലൂടെ പ്രധാനമായും എടുത്ത് കാണിക്കുന്നത്.

ഹൈദരാബാദ്: 5 ദിവസങ്ങളുടെ വ്യത്യാസത്തിൽ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂളിനും രക്ഷിതാക്കൾക്കുമെതിരേ വലിയ വിമർശനം. പത്താം ക്ലാസ് വിദ്യാർഥികളായ ഷെയ്ഖ് റിസ്‌വാന്‍ (15), കെ. ഹൻസിക (14) എന്നിവരാണ് ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടത്. ജൂലൈ 19നാണ് മിയാപൂരിലെ മാധവ്‌നഗർ കോളനിയിലെ സ്‌കൂൾ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി റിസ്‌വാൻ ആത്മഹത്യ ചെയ്തത്. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാൽ 5 ദിവസങ്ങൾക്ക് ശേഷം, ജൂലൈ 24ന് ഹൻസിക എന്ന പെൺകുട്ടിയും ആത്മഹത്യ ചെയ്തു. മിയാപൂരിലെ ജനപ്രിയ അപ്പാർട്ട്മെന്‍റ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതര പരിക്കുകളൊടെ പെൺകുട്ടി മരിച്ചത്. അന്വേഷണത്തിൽ റിസ്വാനും ഹൻസികയും അടുപ്പത്തിലായിരുന്നുവെന്നും ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരും സംസാരിച്ചിരുന്നതെന്നും കണ്ടെത്തി. എന്നാൽ ഇതറിഞ്ഞ സ്‌കൂൾ അധികൃതർ ഇക്കാര്യം വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ച് മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്നുള്ള മാനസിക സമ്മർദത്തിലാണ് റിസ്വാൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന്‍റെ പങ്കാണ് വിഷയം ഇത്രയും വഷളാക്കിയതെന്നാണ് വിവരം.

റിസ്വാന്‍റെ മരണശേഷം, ഹൻസികയ്ക്ക് സ്‌കൂളിൽ എത്തി പരീക്ഷ എഴുതണമെങ്കിൽ റിസ്വാന്‍റെ മാതാപിതാക്കളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങാൻ ആവശ്യപ്പെട്ടിരുന്നതായി ഹൻസികയുടെ അച്ഛൻ പറയുന്നു. പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയത് ഹൻസികയെ വളരെയധികം വേദനിപ്പിച്ചിരുന്നു. കൂടാതെ പെൺകുട്ടി വൈകാരികമായി തളർന്നിരിക്കുന്ന അവസ്ഥയിലും മകന്‍റെ ആത്മഹത്യയ്ക്ക് പിന്നിൽ താനാണെന്ന് റിസ്‌വാന്‍റെ അച്ഛൻ കുറ്റപ്പെടുത്തിയെന്നും മകനെപ്പോലെ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടാൻ റിസ്വാന്‍റെ അച്ഛൻ ഹൻസികയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

അതേസമയം പെൺകുട്ടിയുടെ മരണത്തിൽ സ്‌കൂൾ മാനേജ്‌മെന്‍റിനും, റിസ്‌വാന്‍റെ മാതാപിതാക്കൾക്കുമെതിരേ പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തതായി മിയാപൂർ ഇൻസ്പെക്ടർ ശിവ് പ്രസാദ് വ്യക്തമാക്കി. ഇരു ആത്മഹത്യകളിലും കൂടുതൽ അന്വേഷണം നടക്കുക‍യാണ്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്‌കൂൾ ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും ഇതോടൊപ്പം ഇരുവരുടേയും ഇൻസ്റ്റാഗ്രാം ചാറ്റുകളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. കൗമാരക്കാരുടെ ഇത്തരം ബന്ധങ്ങൾ പരിഹരിക്കുന്നതിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും കൈകാര്യം ചെയ്യുന്ന അപക്വമായ ഇടപെടലുകൾക്കെതിരേയാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൗമാരക്കാരുടെ ഇത്തരം ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്‌കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും വീഴ്ചയാണ് ഇതിലൂടെ പ്രധാനമായും എടുത്ത് കാണിക്കുന്നത്.

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്‍റ്

ഗിൽ - സുന്ദർ - ജഡേജ സെഞ്ചുറികൾ; നാലാം ടെസ്റ്റ് ഡ്രോ

പിഎസ്‌സി പരീക്ഷ ഇനി ഏഴു മണിക്ക്

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

മലയാളി വിദ്യാർഥി ലണ്ടനിൽ ബൈക്ക് അപകടത്തിൽ മരിച്ചു