ഒരാഴ്ചയിൽ കൊന്നൊടുക്കിയത് 500 തെരുവുനായ്ക്കളെ, കൂട്ടക്കൊല തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ; തെലങ്കാനയിൽ വിവാദം
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ തെലുങ്കാനയിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്തതായി പരാതി. ഒരാഴ്ചയ്ക്കുള്ളിൽ 500 തെരുവുനായ്ക്കളെയാണ് വിഷം കൊടുത്ത് കൊന്നത്. തെലങ്കാനയിൽ വൻ വിവാദമായിരിക്കുകയാണ് തെരുവുനായ്ക്കളുടെ കൂട്ടക്കൊല.
ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തെരുവുനായ്ക്കളെ ഇല്ലാതാക്കും എന്നത്. ഇത് യാഥാർഥ്യമാക്കാനാണ് കൂട്ടക്കൊല നടത്തിയത് എന്നാണ് മൃഗ ക്ഷേമ പ്രവർത്തകനായ അഡുലപുരം ഗൗതം (35) പരാതിയിൽ പറഞ്ഞത്. കമാറെഡ്ഡി ജില്ലിയിലെ ഭവാനിപേട്ട്, പൽവൻച, ഫരീത്പേട്ട്, വാഡി, ബന്ദരാമേശ്വരപ്പള്ളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസത്തിൽ മാത്രം ഇരുന്നൂറോളം നായ്ക്കളെ കൊന്നൊടുക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഓരോ പഞ്ചായത്തുകളിലേയും അധികാരികളുടെ തീരുമാനപ്രകാരമാണ് കൊല നടത്തിയത് എന്നാണ് പറയുന്നത്. സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി. ഇതിൽ അഞ്ച് പേർ ഗ്രാമസേവകരും ഒരാൾ പട്ടികളെ കൊന്നൊടുക്കാൻ ചുമതലപ്പെടുത്തിയ ആളുമാണ്. ഗ്രാമാതിർത്തിയിൽ കുഴിച്ചുമൂടിയ നായ്ക്കളുടെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.