എട്ടാം ശമ്പള കമ്മിഷൻ: ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കില്ലെന്ന് കേന്ദ്രം
file image
ന്യൂഡൽഹി: എട്ടാം ശമ്പള കമ്മിഷൻ രൂപീകരണത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ജീവനക്കാരുടെ ഡിഎയുടെയോ ക്ഷാമബത്തയുടെയോ ഏതെങ്കിലും ഭാഗം അടിസ്ഥാന ശമ്പളവുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും നിലവിൽ സർക്കാർ പരിശോധിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എട്ടാം ശമ്പള കമ്മിഷൻ സംബന്ധിച്ച് ചോദ്യത്തിൽ തിങ്കളാഴ്ച പാർമെന്‍റിൽ മറുപടി പറയവേയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍റെ ടേംസ് ഓഫ് റഫറൻസ് (ToR) സർക്കാർ പുറപ്പെടുവിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വിശദീകരണം. തിങ്കളാഴ്ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് കാര്യങ്ങളിൽ വ്യക്തത വരുത്തിയത്.
'ജീവിതച്ചെലവ് ക്രമീകരിക്കുന്നതിനും പണപ്പെരുപ്പം മൂലമുള്ള അടിസ്ഥാന ശമ്പളം/പെൻഷൻ യഥാർഥ മൂല്യത്തിൽ ഇടിവ് സംഭവിക്കുന്നത് തടയുന്നതിനും, തൊഴിൽ, തൊഴിൽ മന്ത്രാലയം, ലേബർ ബ്യൂറോ പുറത്തിറക്കിയ വ്യാവസായിക തൊഴിലാളികൾക്കുള്ള എല്ലാ ഉപഭോക്തൃ വില സൂചികയുടെയും (AlCPl-lW) അടിസ്ഥാനത്തിൽ ഓരോ 6 മാസത്തിലും ഡിഎ/ഡിആർ നിരക്കുകൾ ഇടയ്ക്കിടെ പരിഷ്കരിക്കും," അദ്ദേഹം പറയുന്നു.