ട്രെയ്ൻ ടിക്കറ്റ് ഓൺലൈൻ ബുക്കിങ്ങിന് ആധാർ നിർബന്ധം

 
India

ട്രെയ്ൻ ടിക്കറ്റ് ഓൺലൈൻ ബുക്കിങ്ങിന് ആധാർ നിർബന്ധം

വെബ്സൈറ്റ്, ആപ്പ് വഴി ഈ ബുക്കിങ് സംവിധാനം ജൂലൈ 1 മുതൽ | എസി, നോൺ-എസി ക്ലാസുകൾക്ക് ആദ്യ 30 മിനിറ്റിൽ ഏജന്‍റ് ബുക്കിങ് ഇല്ല

MV Desk

പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലും അംഗീകൃത ഏജന്‍റുമാർ വഴിയുള്ളതുമായ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിനും ഓൺലൈൻ ബുക്കിങ്ങിനും ജൂലൈ 15 മുതൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വ്യക്തി സ്ഥിരീകരണം ഇന്ത്യൻ റെയ്‌ൽവേ നിർബന്ധമാക്കി.

തത്കാൽ ടിക്കറ്റുകളുടെ ന്യായവും സുതാര്യവുമായ ലഭ്യത ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി, തത്കാൽ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ ഇന്ത്യൻ റെയ്‌ൽവേ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഉപയോക്തൃ സ്ഥിരീകരണം വർധിപ്പിക്കുന്നതിനും പദ്ധതിയുടെ ദുരുപയോഗം കുറയ്ക്കുന്നതിനുമാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ വ്യവസ്ഥകൾ

  • ഓൺലൈൻ തത്കാൽ ബുക്കിങ്ങുകൾക്കായി ആധാർ വെരിഫിക്കേഷൻ: ആധാർ ഉപയോഗിച്ച് പ്രൊഫൈൽ സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമായിരിക്കും. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റും മൊബൈൽ ആപ്പും വഴി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടാവുക. ജൂലൈ ഒന്നു മുതൽ ഈ മാറ്റം പ്രാബല്യത്തിൽ. കൂടാതെ, 2025 ജൂലൈ 15 മുതൽ ഓൺലൈനായി നടത്തുന്ന തത്കാൽ ബുക്കിങ്ങുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്ഥിരീകരണം നിർബന്ധമാകും.

  • പിആർഎസ് കൗണ്ടറുകളിലും ഏജന്‍റുമാർ വഴിയുള്ള ബുക്കിങ്ങിലും കംപ്യൂട്ടർ അധിഷ്ഠിത ഒടിപി സ്ഥിരീകരണം: കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടറുകളിലും അംഗീകൃത ഏജന്‍റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് ബുക്കിങ് സമയത്ത് ഉപയോക്താവ് നൽകിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി സ്ഥിരീകരണം നടത്തേണ്ടതുണ്ട്. ഈ ഒടിപി വ്യവസ്ഥ 2025 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും.

  • അംഗീകൃത ഏജന്‍റുമാർക്കുള്ള ബുക്കിങ് സമയ നിയന്ത്രണം: ബുക്കിങ് ആരംഭിക്കുന്ന നിർണായക സമയത്ത് കൂട്ടമായിഒന്നിച്ചു ബുക്കിങ്ങുകൾ നടത്തുന്നത് തടയുന്നതിന്, ഇന്ത്യൻ റെയ്‌ൽവേയുടെ അംഗീകൃത ടിക്കറ്റ് ഏജന്‍റുമാർക്ക് ബുക്കിങ് സംവിധാനത്തിൽ ബുക്കിങ് ആരംഭിക്കുന്ന ദിനത്തിൽ ആദ്യ 30 മിനിറ്റിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദം ഉണ്ടായിരിക്കില്ല.

എസി ക്ലാസുകൾക്ക്, രാവിലെ 10 മണി മുതൽ 10.30 വരെയും, എസി ഇതര ക്ലാസുകൾക്ക് രാവിലെ 11 മുതൽ 11.30 വരെയും ഈ നിയന്ത്രണം ബാധകമാണ്.

തത്കാൽ ബുക്കിങ്ങുകളിൽ സുതാര്യത മെച്ചപ്പെടുത്തുന്നതിനും പദ്ധതിയുടെ നേട്ടങ്ങൾ യഥാർഥ അന്തിമ ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

ആവശ്യമായ കംപ്യൂട്ടർ അധിഷ്ഠിത പരിഷ്കാരങ്ങൾ വരുത്താനും അതനുസരിച്ച് പുതുക്കിയ വിവരങ്ങൾ റെയ്‌ൽവേയുടെ എല്ലാ മേഖലാ ഓഫീസുകളെയും ബന്ധപ്പെട്ട വകുപ്പുകളെയും അറിയിക്കാനും സിആർഐഎസ്, ഐആർസിടിസി, എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഈ മാറ്റങ്ങൾ എല്ലാ യാത്രക്കാരും ശ്രദ്ധിക്കണമെന്ന് റെയ്‌ൽവേ മന്ത്രാലയം അഭ്യർഥിച്ചു. അസൗകര്യം ഒഴിവാക്കാൻ ഐആർസിടിസി ഉപയോക്തൃ പ്രൊഫൈലുകളുമായി ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ റെയ്‌ൽവേ എല്ലാ ഉപയോക്താക്കളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല

രാഹുൽ ഈശ്വറെ ടെക്നോപാർക്കിലെത്തിച്ച് തെളിവെടുത്തു

ബാബറി മസ്ജിദ് പുനർനിർമിക്കാൻ നെഹ്റു ശ്രമിച്ചു: രാജ്നാഥ് സിങ്

തത്കാൽ ബുക്കിങ്ങിന് ഒടിപി നിർബന്ധം