പ്രതീകാത്മക ചിത്രം
മുംബൈ: ദക്ഷിണ മുംബൈയിൽ ഗണേശ വിഗ്രഹത്തിന്‍റെ വരവാഘോഷത്തിനിടെ വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 10ന് ഭുലേശ്വറിലെ ജയ അംബെ ചൗക്കിന് സമീപം ബാലറാം മർച്ചന്‍റ് റോഡിലായിരുന്നു സംഭവം.
സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. വൈഭവ് ഘേനന്ദ് (38), പവൻ ചൗരസ്യ (25), ലാവണ്യ ഗണേർ (5), ദിവ്യ ഗണേർ (7), കുനാൽ കാശിദ് (26) എന്നിവർക്കാണ് പരുക്കേറ്റത്. ഭുലേശ്വറിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കൂറ്റൻ ഗണേശ വിഗ്രഹം മറിഞ്ഞുവീണത്.
പരുക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് രണ്ട് പേർ മരിച്ചത്. പരുക്കേറ്റ മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ഈ വർഷം സെപ്റ്റംബർ 14ന് ആരംഭിക്കുന്ന 10 ദിവസം നീളുന്ന ഗണേശോത്സവം മുംബൈയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും വലിയ തോതിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ്.
എല്ലാ വർഷവും മുംബൈയിൽ വിവിധ പന്തലുകളിലേക്ക് ഗണേശ വിഗ്രഹങ്ങൾ കൊണ്ടുവരുന്നതിനായി വിപുലമായ വരവാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്.