ആദിശങ്കര പ്രതിമ നിർമാണഘട്ടത്തിൽ. 
India

നർമദാ തീരത്ത് ആദിശങ്കര പ്രതിമ പൂർത്തിയായി | Video

മധ്യപ്രദേശിലെ ഓംകാരേശ്വറിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ 18ന് അനാവരണം ചെയ്യും

ഭോപ്പാൽ: മധ്യപ്രദേശിൽ നർമദാ നദീ തീരത്തെ ഓംകാരേശ്വറിൽ ആദി ശങ്കരാചാര്യരുടെ കൂറ്റൻ പ്രതിമ പൂർത്തിയായി. 18ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതിമ അനാവരണം ചെയ്യും. രാജ്യത്ത് ജ്യോതിർലിംഗ പ്രതിഷ്ഠയുള്ള 12 ശിവക്ഷേത്രങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രനഗരമാണ് ഓംകാരേശ്വർ.

""ഐക്യത്തിന്‍റെയും ആത്മീയ പ്രബുദ്ധതയുടെയും ഇടമായ ഓംകാരേശ്വർ 108 അടിയുള്ള മഹത്തായ പ്രതിമയിലൂടെ ആദിശങ്കരന്‍റെ സിദ്ധാന്തങ്ങളെ ബഹുമാനിക്കുകയാണ്. ഇതോടൊപ്പം അദ്വൈത വേദാന്തത്തെക്കുറിച്ച് ആഴത്തിൽ അറിവു പകരുന്ന മ്യൂസിയവും ഗവേഷണ കേന്ദ്രവുമുണ്ടാകും''- ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

ഇൻഡോറിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ഓംകാരേശ്വറിലെ മാന്ധാതാ പർവതത്തിലുള്ള ഏകാത്മ ധാമിലാണ് ഏകാത്മ പ്രതിമയെന്നു പേരിട്ട ശ്രീശങ്കര പ്രതിമ നിർമിച്ചിരിക്കുന്നത്. അദ്വൈത വേദാന്തത്തിന്‍റെ സന്ദേശമെന്ന നിലയ്ക്കാണ് ഏകാത്മ എന്ന പേര്.

കേരളത്തിലെ കാലടിയിൽ ജനിച്ച് ഭാരതമാകെ സഞ്ചരിച്ച ആദി ശങ്കരൻ സന്ന്യാസം സ്വീകരിച്ചശേഷം ചെറുപ്രായത്തിൽ ഓംകാരേശ്വറിലെത്തിയിരുന്നു. ഇവിടെ വച്ചാണ് അദ്ദേഹം ഗുരു ഗോവിന്ദ ഭഗവദ്പാദരെ കണ്ടുമുട്ടുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. നാലു വർഷം ഗുരുവിനൊപ്പം കഴിഞ്ഞ ശേഷമാണു ഗംഗാതീരത്തേക്കു പോകുന്നതും ഒടുവിൽ സർവജ്ഞപീഠം കയറുന്നതും.

പ്രതിമയ്ക്കൊപ്പം 36 ഏക്കർ വരുന്ന വളപ്പിൽ ഓംകാരേശ്വറിൽ അദ്വൈത ലോക് എന്ന പേരിൽ മ്യൂസിയവും വേദാന്ത ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. ആകെ 2000 കോടിയുടേതാണു പദ്ധതി. പ്രതിമയ്ക്കു മാത്രം 200 കോടി ചെലവ്.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി