പിടിച്ചുലച്ച് കാറ്റ്, പിന്നാലെ 200 അടിയോളം താഴ്ചയിലേക്ക്; എയർഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
file image
ചെന്നൈ: സിംഗപ്പൂർ - ചെന്നൈ എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സിംഗപ്പുരിൽ നിന്ന് എയർഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് പ്രതികൂല കാലാവസ്ഥ കാരണം ലാൻഡിങ് സാധ്യമല്ലെന്ന് തിരിച്ചറിയുന്നത്.
180 യാത്രക്കാരുമായെത്തിയ വിമാനം 10.15 നായിരുന്നു സാധാരണ നിലയിൽ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ഡിസൻഡ് റേറ്റും കടുത്ത കാറ്റും മൂലം ലാൻഡിങ്ങിന് തയാറാവും മുൻപ് തന്നെ 200 അടിയോളം വിമാനം താഴുകയായിരുന്നു. ഇതോടെ അപകട സാധ്യത മുന്നിൽ കണ്ട പൈലറ്റുമാർ ആദ്യ ലാൻഡിങ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പ്രതികൂല കാലാവസ്ഥ മൂലം വിമാനം അൺസ്റ്റെബിലൈസ്ഡ് ആയതായി എയർ പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏകദേശം 30 മിനിറ്റ് ആകാശത്ത് വട്ടമിട്ട ശേഷം രണ്ടാം ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.