ചരിത്രത്തിൽ ആദ്യം !! വനിതാ ദിനത്തിൽ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ വനിതാ പൊലീസ്
ഗാന്ധിനഗർ: അന്താരാഷ്‌ട്ര വനിതാ ദിനമായ ശനിയാഴ്ച ഗുജറാത്തിലെ നവസരിയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാവലയം തീർക്കുന്നത് വനിതാ പൊലീസ്. സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണമായി വനിതകളായ ഉദ്യോഗസ്ഥരായിരിക്കുമെന്നും രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമെന്നും ഗുജറാത്ത് ആഭ്യന്തര സഹ മന്ത്രി ഹർഷ് സംഘവി.
ഗുജറാത്തിലും ദാദ്ര നഗർ ഹവേലിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ചയാണ് മോദി അഹമ്മദാബാദിലെത്തിയത്. ശനിയാഴ്ച വൻസി ബോർസിയിൽ നടക്കുന്ന ലാഖ്പതി ദീദി സമ്മേളനത്തിലാണു മോദിക്ക് പൂർണമായും വനിതകളുടെ സുരക്ഷ. ഹെലിപ്പാഡിൽ പ്രധാനമന്ത്രി എത്തുന്നതു മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കുമെന്നും മന്ത്രി.
ഐപിഎസ് ഉദ്യോഗസ്ഥർ മുതൽ കോൺസ്റ്റബിൾ വരെയെത്തുന്ന വനിതകളുടെ സംഘം ഇതിനായി തയാറെടുപ്പുകൾ പൂർത്തിയാക്കി. 2100 കോൺസ്റ്റബിൾമാർ, 187 സബ് ഇൻസ്പെക്റ്റർമാർ, 61 സിഐമാർ, 16 ഡിവൈഎസ്പിമാർ, 5 എസ്പിമാർ, 1 ഐജി, 1 എഡിജിപി എന്നിവരടങ്ങുന്നതാണു സംഘം. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയും ആഭ്യന്തര സെക്രട്ടറി നിപുണ ടോറാവെയിനും ചേർന്നാകും ക്രമീകരണങ്ങളുടെ മേൽനോട്ടം.