Delhi CM Arvind Kejriwal  file
India

അരവിന്ദ് കെജ്‌രിവാൾ ഇന്നു രാജിവയ്ക്കും; വൈകിട്ട് 4.30ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും

ജാമ്യത്തിലിറങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാനോ ഫയലുകൾ പരിശോധിക്കാനോ പാടില്ലെന്ന കർശന വ്യവസ്ഥയുണ്ടായിരുന്നു

Ardra Gopakumar

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നു (സെപ്റ്റംബർ 17) രാജിവയ്ക്കും. വൈകിട്ട് 4.30ന് ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയെ കാണുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്ത് പിൻഗാമിയെ തീരുമാനിക്കാൻ കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങി.

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്നു ഞായറാഴ്ചയാണ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. നിയമത്തിന്‍റെ കോടതിയിൽ തനിക്കു നീതി ലഭിച്ചെന്നും ഇനി ജനങ്ങളുടെ കോടതി തീരുമാനിച്ചശേഷമേ അധികാര സ്ഥാനം സ്വീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാരാഷ്‌ട്രയ്ക്കൊപ്പം ഡൽഹിയിലും നവംബറിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2013ൽ അധികാരത്തിലെത്തിയ കെജ്‌രിവാൾ തുടർച്ചയായ നാലാം തെരഞ്ഞെടുപ്പിലും അധികാരം നിലനിർത്താമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അഴിമതിക്കേസിൽപ്പെട്ട് അപ്രതീക്ഷിത രാജി. മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ മാർച്ച് 21 മുതൽ ജയിലിലായിരുന്ന എഎപി ദേശീയ കൺവീനർക്ക് കഴിഞ്ഞ ദിവസമാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാനോ ഫയലുകൾ പരിശോധിക്കാനോ പാടില്ലെന്ന കർശന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചത്.

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്‍റെ തുടർച്ചയായി 2012ൽ കെജ്‌രിവാൾ മുൻകൈയെടുത്ത് രൂപീകരിച്ച ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തിയപ്പോൾ മുതൽ സംഘടനയ്ക്കും സർക്കാരിനും മറ്റൊരു നേതാവുണ്ടായിരുന്നില്ല. എല്ലാ തെരഞ്ഞെടുപ്പിലും കെജ്‌രിവാൾ തനിച്ചാണു പ്രചാരണം നയിച്ചിരുന്നത്. പഞ്ചാബിൽ ഭഗവന്ത് മാൻ മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയുടെ ദേശീയ മുഖമായി ഡൽഹി മുഖ്യമന്ത്രിയായ കെജ്‌രിവാൾ തുടർന്നു. എന്നാൽ, പടിയിറങ്ങുന്നതോടെ എഎപിക്ക് ഡൽഹിയിലും ദേശീയ തലത്തിലും മറ്റൊരു അധികാരകേന്ദ്രവും മുഖവും വരുമെന്നതും ശ്രദ്ധേയം.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ