"സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല"; രാഹുൽ-പ്രിയങ്ക അടുപ്പത്തെ ചോദ്യം ചെയ്ത് ബിജെപി നേതാക്കൾ
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള അടുപ്പത്തെ വിമർശിച്ച് ബിജെപി നേതാക്കൾ. മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗീയ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വൻ വിവാദമായി മാറിയിരിക്കുന്നത്. പൊതു റാലികളിലും പരിപാടികളിലും പ്രിയങ്കയെ രാഹുൽ ഗാന്ധി ചുംബിക്കാറുണ്ട്. മധ്യപ്രദേശിലെ മറ്റൊരു മന്ത്രിയായ വിജയ് ഷായും ഈ ആരോപണത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുവേദികളിൽ സഹോദരങ്ങൾ സ്നേഹം പങ്കു വയ്ക്കുന്നത് നമ്മുടെ സംസ്കാരമല്ല, നമ്മുടെ ആചാരങ്ങളും പാരമ്പര്യവും അതല്ല നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നിങ്ങൾ പഠിച്ചിട്ടുള്ളത് നിങ്ങളുടെ വീട്ടിലാണ് പ്രാവർത്തികമാക്കേണ്ടത്, അല്ലാതെ പൊതു നിരത്തിൽ അല്ലയെന്നും അദ്ദേഹം പറഞ്ഞു. വേദിയിലുണ്ടായിരുന്ന എംഎൽഎ കാഞ്ചൻ തൻവേയും തന്‍റെ യഥാർഥ സഹോദരിയാണെന്നും അതു കൊണ്ട് എനിക്കവളെ പൊതുവേദിയിൽ വച്ച് ചുംബിക്കാമോ എന്നു ചോദിച്ച വിജയ് ഷാ അത്തരം ശീലങ്ങൾ ഇന്ത്യ സംസ്കാരമല്ലെന്നും പറഞ്ഞു.
വ്യാഴാഴ്ച ഷാജപുർ ജില്ലയിലെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വിജയ്‌വർഗീയ വിവാദപരാമർശം നടത്തിയത്. നമ്മുടെ പ്രതിപക്ഷ നേതാക്കൾ ഇപ്പോൾ അവരുടെ സഹോദരിമാരെ പൊതുനിരത്തിൽ വച്ച് ചുംബിക്കുകയാണ്. നമ്മളിൽ ആരെങ്കിലും ഇളയ സഹോദരിമാരെയോ പെൺമക്കളെയോ പൊതുവേദികളിൽ വച്ച് ചുംബിക്കാറുണ്ടോ? ഇത് മൂല്യച്യുതിയാണ് എന്നാണ് വിജയ്‌വർഗീയ ആരോപിച്ചത്. എന്നാൽ പവിത്രമായ സഹോദരീ-സഹോദര ബന്ധത്തെയും ഇന്ത്യൻ സംസ്കാരത്തെയുമാണ് വിജയ്‌വർഗീയ മോശമായി ചിത്രീകരിക്കുന്നതെന്നും ബിജെപിയുടെ മോശം മാനസികനിലയുടെ തെളിവാണ് അദ്ദേഹത്തിന്‍റെ പ്രസ്ഥാവനയെന്നും കോൺഗ്രസ് ആരോപിച്ചു.
ഈ ആരോപണം കോൺഗ്രസിനെതിരേയുള്ളതല്ല, പകരം രാജ്യത്തെ എല്ലാ സഹോദരി-സഹോദരന്മാരെയും ചോദ്യം ചെയ്യുന്നതാണെന്നും കോൺഗ്രസ് പറയുന്നു. നവരാത്രിക്കാലത്ത് ദുർഗാ ദേവിയെ ആരാധിക്കുന്ന സമയത്താണ് പവിത്രമായ സഹോദര ബന്ധത്തെ വിജയ്‌വർഗീയ ചോദ്യം ചെയ്തിരിക്കുന്നതെന്നും വസ്ത്രം, സംസാരം, വിദ്യാഭ്യാസം എന്നിവയുടെയെല്ലാം പേരിൽ സ്ത്രീകളെ അപമാനിക്കുന്നത് വിജയ്‌വർഗീയ പതിവാക്കിയിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജിതു പട്‌വാരി ആരോപിച്ചു. പാർലമെന്‍റിൽ നിർണായകമായ ചർച്ച നടക്കുന്നതിനിടെ രാഹുൽ ഗാന്ധിപ്രിയങ്കയുടെ കവിളിൽ പിടിച്ചതും വിവാദമായി മാറിയിരുന്നു.