മിശ്രിലാൽ യാദവ്
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി എംഎൽഎയായ മിശ്രിലാൽ യാദവ് പാർട്ടി വിട്ടു. ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് പാർട്ടിയിൽ അർഹതപ്പെട്ട സ്ഥാനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രാജി. പാർട്ടിയിൽ അവഗണന നേരിടുന്നതായും ജനവിരുദ്ധ നയങ്ങളാണ് ബിജെപി സ്വീകരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബിജെപിക്കു വേണ്ടി അലിനഗർ മണ്ഡലത്തിൽ സീറ്റ് നേടികൊടുത്ത ആളാണ് താനെന്നും കുറെ നാളുകളായിട്ട് ബിജെപിക്ക് വിജയിക്കാൻ സാധിക്കാത്ത മണ്ഡലമായിട്ടും 2020ൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചെന്നും എന്നിട്ടും അവഗണനയാണ് നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര‍്യം മിസ്രിലാൽ വ‍്യക്തമാക്കിയെങ്കിലും മറ്റു പാർട്ടിയിൽ ചേരുമോയെന്ന കാര‍്യം അദ്ദേഹം പറഞ്ഞില്ല.