"കലാമിനു മുൻപേ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചത് വാജ്പേയിയെ"; വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

 
India

"കലാമിനു മുൻപേ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചത് വാജ്പേയിയെ"; വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

1998 മുതൽ 2004 വരെയുള്ള കാലയളവിൽ വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു ടണ്ഡൻ

നീതു ചന്ദ്രൻ

ന്യൂഡൽഹി: എപിജെ അബ്ദുൽ കലാമിനെ രാഷ്‌ട്രപതി സ്ഥാനാർഥിയാക്കും മുൻപേ അടൽ ബിഹാരി വാജ്പേയിയെയാണ് ബിജെപി ആ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നതെന്ന വെളിപ്പെടുത്തലുമായി വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ഡൻ. അടൽ സൻസ്മരാൻ എന്ന പുസ്തകത്തിലാണ് ടണ്ഡന്‍റെ വെളിപ്പെടുത്തൽ. എന്നാൽ വാജ്പേയി ഈ നിർദേശത്തെ നിരസിച്ചുവെന്നും പ്രഭാത് പ്രകാശൻ പബ്ലിഷ് ചെയ്ത പുസ്തകത്തിലുണ്ട്.

2002ൽ ഭരിച്ചിരുന്ന എൻഡിഎയുടെയും പ്രതിപക്ഷത്തിന്‍റെയും പിന്തുണയോടെ പതിനൊന്നാമത് പ്രസിഡന്‍റായാണ് കലാം തെരഞ്ഞെടുക്കപ്പെട്ടത്. 2007 വരെ അദ്ദേഹം പദവിയിൽ തുടർന്നു. 1998 മുതൽ 2004 വരെയുള്ള കാലയളവിൽ വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു ടണ്ഡൻ. പ്രധാന മന്ത്രി പദം എൽ കെ അഡ്വാനിക്ക് കൈമാറി രാഷ്ട്രപതി പദം സ്വീകരിക്കണമെന്നായിരുന്നു പാർട്ടിയുടെ നിർദേശം. എന്നാൽ വാജ്പേയി ഇക്കാര്യം നിരസിച്ചു.

താൻ രാഷ്‌ട്രപതിയാകുന്നത് ജനാധിപത്യത്തിന് ഗുണകരമാകില്ലെന്നും അതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നുമായിരുന്നു വാജ്പേയിയുടെ അഭിപ്രായം. അതേ തുടർന്ന് വാജ്പേജി പ്രധാന പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച് അബ്ദുൾ കലാമിന്‍റെ പേര് പറയുകയായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. പ്രണബ് മുഖർജി, ഡോ. മൻമോഹൻ സിങ്, സോണിയഗാന്ധി എന്നിവരായിരുന്നു അന്ന് കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നത്. കലാമിന്‍റെ പേര് വാജ്പേജി പറഞ്ഞപ്പോൾ അൽപ്പസമയം പ്രതിപക്ഷ നേതാക്കൾ മൗനമായിപ്പോയെന്നും പിന്നീട് സോണിയ ഗാന്ധി ഇത് അമ്പരപ്പിക്കുന്ന തീരുമാനമാണെന്ന് പറഞ്ഞതായും ടണ്ഡൻ എഴുതിയിട്ടുണ്ട്. 2001 ഡിസംബർ 13ന് പാർലമെന്‍റ് ഭീകരാക്രമണമുണ്ടായ സമയത്തെക്കുറിച്ചും പുസ്തകത്തിലുണ്ട്. ആക്രമണത്തിന്‍റെ സമയത്ത് വാജ്പേജി അദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു. പെട്ടെന്ന് സോണിയാ ഗാന്ധിയുടെ ഫോൺ കോൾ എത്തി. നിങ്ങൾ സുരക്ഷിതനാണോ എന്നായിരുന്നു സോണിയയുടെ ചോദ്യം. അതേ സമയം നിങ്ങളിപ്പോൾ പാർലമെന്‍റ് മന്ദിരത്തിലുണ്ടോ എന്നാലോചിച്ച് ഞാൻ ആശങ്കാകുലനായിരുന്നുവെന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹം മറുപടി നൽകി.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?