India

ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തു

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ റെസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. മൂന്നു മണിക്കൂറിലധികം ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തെങ്കിലും, മൊഴി രേഖപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ വിശദീകരണം.

റെസ്‌ലിങ് ഫെഡറേഷന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെയും മൊഴി രേഖപ്പെടുത്താൻ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു പേർ നൽകിയ പരാതിയിൽ കഴിഞ്ഞ മാസം രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായിരുന്നില്ല. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ ആവശ്യം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗിക അതിക്രമത്തിന് പോക്സോ നിയമപ്രകാരമാണ് കേസ്.

ഉത്തർ പ്രദേശിൽനിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ചോദ്യം ചെയ്യലിൽ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു എന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. തന്നെ കേസിൽ പെടുത്തിയതാണെന്ന അവകാശവാദം തെളിയിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനകം 30 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞതായും ബ്രിജ് ഭൂഷണെ ഇനിയും വിളിച്ചുവരുത്തുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പല സംഘങ്ങളായി പിരിഞ്ഞ് യുപി, ഝാർഖണ്ഡ്, കർണാടക, ഹരിയാന എന്നിവിടങ്ങളിലേക്കു പോയിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി മാത്രം മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് ആറ് പേരുടെ മൊഴി പൊലീസ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച വിവരം ഡൽഹി പൊലീസ് ഇന്നലെ പ്രത്യേക കോടതിയെ അറിയിച്ചു.

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; സംയുക്ത സംഘടനകൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

കോട്ടയത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

പവർകട്ടും വോൾട്ടേജ് ക്ഷാമവും: നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖല പ്രതിസന്ധിയില്‍

ബാൻഡ് വാദ്യത്തിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു