ചീറ്റയെ വിളിച്ച് വെള്ളം കൊടുത്തു; വീഡിയോ വൈറലായി, പക്ഷേ ഡ്രൈവറുടെ പണി പോയി
ഭോപ്പാൽ: മധ്യപ്രദേശ് കുനോ ദേശീയോദ്യാനത്തിലെ ചീറ്റയ്ക്ക് വെള്ളം കൊടുക്കുന്ന വീഡിയോ വൈറൽ ആയതിനു പിന്നാലെ വനം വകുപ്പിലെ ഡ്രൈവറുടെ പണി പോയി. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കമില്ലായ്മാണെന്നും നിർദേശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഉത്തം കുമാർ ശർമ വ്യക്തമാക്കി.
കുനോ ദേശീയോദ്യാനത്തിന്‍റെ അതിർത്തിയോടു ചേർന്ന ജനവാസ മേഖലയിലത്തിയ ജ്വാല എന്ന ചീറ്റയും നാലു കുഞ്ഞുങ്ങളും അനുസരണയോടെ വെള്ളം കുടിക്കുന്ന വീഡിയോയാണ് ഡ്രൈവറുടെ പണി കളഞ്ഞത്. ഡ്രൈവർ വരൂ എന്ന് പറഞ്ഞതിനു പിന്നാലെ അനുസരണയോടെ എത്തുന്ന ചീറ്റയും കുഞ്ഞുങ്ങളും സ്റ്റീൽ പാത്രത്തിൽ വച്ച വെള്ളം കുടിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇത്തരത്തിൽ ജനങ്ങളുമായി ചീറ്റ ഇടപഴകുന്നത് സംഘർഷങ്ങൾക്ക് ഇടയാക്കുമെന്ന് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ജ്വാലയും കുഞ്ഞുങ്ങളും ദേശീയോദ്യാനത്തിനു പുറത്തുള്ള കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് സ്ഥിരം സംഭവമാണ്.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളുമായി അടുത്ത് ഇടപഴകരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നെന്നും വനംവകുപ്പ് പറയുന്നു. നിലവിൽ 11 കുഞ്ഞുങ്ങളടക്കം 17 ചീറ്റകളാണ് കുനോയിൽ ഉള്ളത്.