സിജെപിയുടെ പാർലമെന്‍റ് മാർച്ചിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 

 
India

സിജെപി പ്രതിഷേധം പാർലമെന്‍റിന് മുൻപിൽ എത്തി; മുൾമുനയിൽ രാജ്യതലസ്ഥാനം, പാർലമെന്‍റിൽ അമിത് ഷാ-ധർമേന്ദ്ര പ്രധാൻ അടിയന്തര കൂടിക്കാഴ്ച

പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്നു

Sarath Nath MS

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ആരംഭിച്ച പാർലമെന്‍റ് മാർച്ച് യുദ്ധക്കളമായി മാറി. ജന്തർ മന്ദറിൽ നിന്ന് പ്രതിഷേധക്കാർ പൊലീസിനെ വെട്ടിച്ച് പാർലമെന്‍റിന് മുൻപിലെത്തി. നിലവിൽ പാർലമെന്‍റിനു മുൻപിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇതോടെ വൻ സംഘർഷാവസ്ഥയിലാണ് രാജ്യതലസ്ഥാനം ഇപ്പോൾ.

അടുത്തിടെ ആദ്യമായാണ് പാര്‍ലമെന്റിന്റെ മുന്നിലേക്ക് പ്രതിഷേധം എത്തുന്നത്. നിലവില്‍ പാര്‍ലമെന്റിന്റെ ഗേറ്റുകളെല്ലാം അടച്ചു. നിലവിൽ പാർലമെന്‍റിന് അകത്തേക്കോ പുറത്തേക്കോ ആർക്കും തന്നെ പോകാൻ സാധിക്കുന്നില്ലെന്നാണ് വിവരം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ പാര്‍ലമെന്റിനകത്ത് ഉള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. സ്ഥിതിഗതികള്‍ കൈവിട്ടതോടെ അമിത് ഷാ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി പാര്‍ലമെന്റിനകത്ത് വച്ചുതന്നെ അടിയന്തര ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പാർലമെന്‍റിന് ചുറ്റും അർധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ് ഇപ്പോൾ. മേഖലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സൂചന. നിരാഹാര സമരം അവസാനിപ്പിച്ച് പ്രതിഷേധക്കാർക്കൊപ്പം ചേരാനിരിക്കെയായിരുന്നു അഭിജിത്. പലതവണ കണ്ണീർവാതകം പ്രയോഗിച്ച പൊലീസ് വൻതോതിൽ ലാത്തിചാർജും നടത്തുന്നുണ്ട്. പാർലമെന്‍റിലേക്ക് കൂടുതൽ സേന എത്തിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ജന്തർ മന്ദറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. എണ്ണായിരത്തോളം പേർ മാർച്ചിൽ പങ്കെടുക്കാൻ എത്തിയെന്നാണ് വിവരം. തുടക്കത്തിൽ തന്നെ പൊലീസ് പ്രതിഷേധക്കാരെ തടയുകയും ലാത്തിചാർജ് നടത്തി പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിഷേധക്കാർ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പാർലമെന്‍റിന്‍റെ അടുത്തേക്ക് എത്തുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങൾ കൈവിട്ടത്.

സോനം വാങ്ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലി ആങ്മോ, നടൻ പ്രകാശ് രാജ്, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായി, നടി ശബാന ആസ്മി തുടങ്ങിയവർ പിന്തുണമായി പ്രതിഷേധ വേദിയിൽ എത്തിയിരുന്നു. അതേസമയം പ്രകാശ് രാജിനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്.

മാർച്ചിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പ്രതിഷേധക്കാർ എത്തിച്ചേരാതിരിക്കാൻ സെൻട്രൽ ഡൽഹിയിലെ അഞ്ചു മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, ജന്‍പഥ്, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, സേവാ തീര്‍ഥ് എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്.

ഡൽഹി പൊലീസിനു പുറമെ ആർപിഎഫിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിനാൽ മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പൊലീസിന്‍റെ വിലക്ക് ലംഘിച്ച് പ്രതിഷേധക്കാർ മുന്നോട്ടുപോയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. നിലവിൽ ഡൽഹിയിലൊട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി