വെറും 16 രൂപയ്ക്ക് വസ്ത്രം; കടയിലേക്ക് ഇടിച്ചു കയറിയത് ആയിരക്കണക്കിന് പേർ
കാൺപുർ: വെറും 16 രൂപയ്ക്ക് വസ്ത്ര വിൽപ്പന എന്ന വാഗ്ദാനത്തിനു പിന്നാലെ കാൺപുരിലെ കടയിലേക്ക് ഇടിച്ചു കയറി ആയിരക്കണക്കിന് പേർ. പിന്നീട് പൊലീസ് ഇടപെട്ടാണ് പ്രദേശത്തു നിന്ന് ആളുകളെ പിരിച്ചു വിട്ടത്. കാൺപുരിലെ അലാം മാർക്കറ്റിലാണ് സംഭവം. അലാം മാർട്ട് ഉടമയായ റെയ്സ് അലാമിന്‍റെ പിറന്നാൾ ദിവസമായതിനാലാണ് കടയിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 15 പാതിരാത്രി മുതൽ ഓഗസ്റ്റ് 16 പുലർച്ചെ വരെയുള്ള ആദ്യ 16 മിനിറ്റിൽ കടയിൽ എത്തുന്നവർക്ക് വെറഉം 16 രൂപയ്ക്ക് വസ്ത്രം സ്വന്തമാക്കാം എന്നായിരുന്നു ഓഫർ.
ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിലൂടെയെല്ലാം ഇക്കാര്യം വൈറലായിരുന്നു. ഓഗസ്റ്റ് 15 രാത്രി 11 മണിയോടെ പ്രദേശത്തേക്ക് നിരവധി പേർ എത്തിത്തുടങ്ങിയിരുന്നു. റോഡുകളിലെല്ലാം ആളുകൾ തിങ്ങി നിറഞ്ഞതോടെ ട്രാഫിക് പൂർണമായും നിലച്ചു. തിരക്കു കൂടുകയാണെന്ന് മനസിലായതോടെ കട താത്കാലികമായി കുറച്ചു നേരത്തേക്ക് അടച്ചു. തടിച്ചു കൂടിയവരിൽ ചിലർ അതിനെ ചോദ്യം ചെയ്തു.
വാക്കു തർക്കത്തിനൊടുവിൽ ജീവനക്കാരിൽ ചിലരെ പിടിച്ചു തള്ളാൻ തുടങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി രക്ഷപെടാൻ ശ്രമിച്ചു. നിരവധി പേർ താഴെ വീണ് പരുക്കു പറ്റിയിട്ടുണ്ട്. ആൾക്കൂട്ടത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തുടർന്ന് പൊലീസ് എത്തിയാണ് സാഹചര്യം നിയന്ത്രണത്തിലാക്കിയത്. കടയുടെ ഉടമകളായ മുഹമ്മദ് അലാം, റെയ്സ് അലാം, സൽമാൻ അലാം എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൽമാൻ അലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ജീവിതത്തെ താറുമാറാക്കി, ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.