പ്രധാനമന്ത്രിയും അമ്മയും
പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെൻ മോദിയുടെയും എഐ നിർമിത വിഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് പറ്റ്ന ഹൈക്കോടതി കോൺഗ്രസ് പാർട്ടിയോട് നിർദേശിച്ചു. വിഡിയോ അനാദരവ് ഉണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം.
വിഡിയോ പങ്കുവച്ചതിനു നേരത്തെ കോൺഗ്രസിനെതിരേ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മോദിയെയും അമ്മയെയും പരിഹസിക്കുന്നതാണ് വിഡിയോ എന്നു കാണിച്ച് ബിജെപി ഡൽഹി തെരഞ്ഞെടുപ്പ് സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയിലായിരുന്നു നോർത്ത് അവന്യൂ പൊലീസിന്‍റെ നടപടി.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 318(2), 336(3)(4), 340(2), 352, 356(2), 61(2) എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് വിഡിയോ എന്നാണ് സങ്കേത് ഗുപ്ത പരാതിയിൽ പറയുന്നത്. തന്നെ വോട്ടിനു വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ പറയുന്നതാണു വിഡിയോയിൽ കൃത്രിമമായി ചിത്രീകരിച്ചിരിക്കുന്നത്.