file image
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി മെയിലുകൾ അയച്ചയാളെ തിരിച്ചറിഞ്ഞു. ഐസിസ്-കാശ്മീർ എന്ന ഭീകര സംഘടനയാണെന്നവകാശപ്പെട്ട്, 'നിന്നെ ഞാന്‍ കൊല്ലും' (IKillU) എന്ന 3 വാക്കുകള്‍ മാത്രമുള്ള ഭീഷണി സന്ദേശമായിരുന്നു ലഭിച്ചിരുന്നത്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്‌സില്‍ പോസ്റ്റിട്ടിതിനു പിന്നാലെയായിരുന്നു വധഭീഷണി.
തുടർന്നു നടത്തിയ അന്വേഷണത്തിൽ, സന്ദേശം അയച്ചത് 21 വയസുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഗുജറാത്ത് സ്വദേശിയായ ജിഗ്നേഷ്‌സിങ് പര്‍മാര്‍ എന്നയാളെയാണ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം പൊലീസിനെ അറിയിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം. ഹർഷ വർധൻ പറയുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്സില്‍ (ട്വീറ്റർ) പോസ്റ്റിട്ടിരുന്നു. ''മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടിവരും. ഇന്ത്യ തിരിച്ചടിക്കും'' എന്നായിരുന്നു കുറിപ്പ്.
ഇതാദ്യമായല്ല ഗംഭീറിന് ഭീഷണി സന്ദേശം ലഭിക്കുന്നത്. 2022ലും അദ്ദേഹത്തിന് സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പിന്നാലെ അധികൃതര്‍ ഗംഭീറിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടികളെടുക്കുകയായിരന്നു. എന്നാൽ, പഹൽഗാമിലെ ആക്രമണത്തിനു പിന്നാലെ വന്ന ഈ സമീപകാല ഭീഷണി, വ്യാപകമായ ആശങ്കയുണ്ടാക്കിയിരുന്നു.