27 വർഷത്തിനൊടുവിൽ തലസ്ഥാനം പിടിച്ച് ബിജെപി 
India

27 വർഷത്തിനൊടുവിൽ തലസ്ഥാനം പിടിച്ച് ബിജെപി

ആകെ സീറ്റ്: 70 | ബിജെപി 48 (2020ൽ 8) | എഎപി 22 (2020ൽ 62) | 26 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപിക്ക് വിജയം | എഎപി കോട്ടകൾ തകർന്നു | കെജ്‌രിവാളും സിസോദിയയും തോറ്റു | എഎപിക്ക് ആശ്വാസമായി അതിഷിയുടെ ജയം

ന്യൂഡൽഹി: ഡൽഹിയിൽ ഒരു പതിറ്റാണ്ടിലേറേ നീണ്ട ആം ആദ്മി പാർട്ടി ഭരണം അവസാനിപ്പിച്ച് ബിജെപിയുടെ മുന്നേറ്റം. 26 വർഷത്തിനുശേഷം ദേശീയ തലസ്ഥാനത്ത് അധികാരം സ്വന്തമാക്കിയ ബിജെപി നിയമസഭയിലെ 70 സീറ്റുകളിൽ 48ലും വിജയം നേടി. ഡൽഹി കുത്തകയെന്നു വിശ്വസിച്ചിരുന്ന എഎപി 22 സീറ്റിലേക്ക് ഒതുങ്ങിയെന്നു മാത്രമല്ല, മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമടക്കം പാർട്ടിയുടെ പ്രമുഖരെല്ലാം തോൽവി ഏറ്റുവാങ്ങി.

മുഖ്യമന്ത്രി അതിഷിയുടെ വിജയം മാത്രമാണ് എഎപിക്ക് ആശ്വാസം. 2015ലും 2020ലും നിയമസഭയിൽ നിന്നു തുടച്ചുനീക്കപ്പെട്ട കോൺഗ്രസിൽ നിന്ന് ഇത്തവണയും ജയം അകന്നുനിന്നു. എന്നാൽ, വോട്ട് വിഹിതത്തിൽ നേരിയ വർധനയുണ്ട്.

2013ൽ ഷീല ദീക്ഷിതിന്‍റെ നേതൃത്വത്തിലുള്ള അന്നത്തെ കോൺഗ്രസ് സർക്കാരിനെ അഴിമതിയാരോപണങ്ങളിലൂടെ പുറത്താക്കിയ എഎപിയും കെജ്‌രിവാളും ഇത്തവണ അതേ ആരോപണങ്ങളിൽ വീഴുന്നതാണു ഡൽഹിയിൽ കണ്ടത്. മദ്യനയ അഴിമതിയും മുഖ്യമന്ത്രിയുടെ വസതി മോടിപിടിപ്പിക്കൽ വിവാദവും തെരഞ്ഞെടുപ്പിൽ കത്തുന്ന വിഷയങ്ങളായപ്പോൾ കെജ്‌രിവാളും സിസോദിയയും സത്യേന്ദർ ജയിനും സോമനാഥ് ഭാരതിയും സൗരഭ് ഭരദ്വാജും അടക്കം പ്രമുഖർ പരാജയപ്പെട്ടു.

അഴിമതിക്കെതിരേ പ്രചാരണം നയിക്കുന്നതിനൊപ്പം ജനപ്രിയ പദ്ധതികൾ അവതരിപ്പിച്ചതും കേന്ദ്ര ബജറ്റിലെ ആദായനികുതി ഇളവിലൂടെ മധ്യവർഗത്തെ കൈയിലെടുത്തതും ബിജെപിക്ക് ഗുണം ചെയ്തു.

2015ൽ 67ഉം 2020ൽ 62ഉം സീറ്റുകൾ നേടിയ എഎപിക്കാണ് ഇത്തവണ ദയനീയ പരാജയം. ഡൽഹിക്കു പിന്നാലെ പഞ്ചാബിലും അധികാരത്തിലെത്തിയതോടെ ദേശീയ തലത്തിൽ നിരവധി സ്വപ്നങ്ങൾ കണ്ടിരുന്നു കെജ്‌രിവാൾ. ഡൽഹിയിലെ പരാജയം ഇതിനു മങ്ങലേൽപ്പിച്ചതിനു പുറമേ പാർട്ടിക്കുമേൽ കെജ്‌രിവാളിന്‍റെ നിയന്ത്രണത്തിനും ഇനി വെല്ലുവിളിയുണ്ടായേക്കും.

1993- 98 കാലത്തിനുശേഷം ഇതാദ്യമാണു ഡൽഹിയിൽ ബിജെപിയുടെ സർക്കാർ വരുന്നത്. 1993ൽ മദൻലാൽ ഖുറാനയുടെ നേതൃത്വത്തിലായിരുന്നു സർക്കാർ രൂപീകരിച്ചത്. ഈ സർക്കാരിന്‍റെ ടേമിൽ സാഹിബ് സിങ് വർമയും സുഷമ സ്വരാജും പിന്നീട് മുഖ്യമന്ത്രിമാരായി. തുടർന്നുള്ള 15 വർഷം ഷീല ദീക്ഷിതായിരുന്നു ഡൽഹി മുഖ്യമന്ത്രി.

കെജ്‌രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെടുത്തിയ ബിജെപിയുടെ പർവേഷ് വർമ മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ്. ഷീല ദീക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിതായിരുന്നു ഇവിടെ മൂന്നാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥി.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി