പാർലമെന്‍റിന്‍റെ സുരക്ഷ പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

 
India

കോടതിക്ക് വേറെ ജോലിയുണ്ട്; പാർലമെന്‍റിന്‍റെ സുരക്ഷ പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

പാർലമെന്‍റിന്‍റെ പ്രവർത്തനം എങ്ങനെ വേണമെന്നത് നിർദേശിക്കാൻ കഴിയില്ലെന്ന് കോടതി

Sarath Nath MS

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ സുരക്ഷയും സുഗമമായ ഭരണഘടനാപരമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ സമഗ്രമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 2001ലെ പാർലമെന്‍റ് ഭീകരാക്രമണവും 2023ലെ പാർലമെന്‍റ് സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

നിലവിലെ ഭരണപരവും സ്ഥാപനപരവും പ്രവർത്തനപരവും സാങ്കേതികവുമായ സുരക്ഷാ സംവിധാനങ്ങളും സൈബർ സുരക്ഷയും ഉൾപ്പെടെ സമഗ്ര അവലോകനം നടത്താൻ കേന്ദ്രത്തിനും ബന്ധപ്പെട്ട അധികാരികൾക്കും നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പാർലമെന്‍റിന്‍റെ സുരക്ഷ എങ്ങനെ ഉറപ്പാക്കണമെന്നത് കോടതിക്ക് നിർദേശിക്കാനാകില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ബുധനാഴ്ച ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

"ഇത് കോടതിയുടെ ചുമതലയല്ല. പാർലമെന്‍റിന്‍റെ പ്രവർത്തനം എങ്ങനെ വേണമെന്നത് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. രാജ്യത്തിന്‍റെ പാർലമെന്‍റിന് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നാണോ നിങ്ങൾ കരുതുന്നത്?- എന്ന് ഹർജിക്കാരന്‍റെ അഭിഭാഷകനോട് കോടതി ചോദിച്ചു. പാർലമെന്‍റിന്‍റെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും, ഹർജിയിൽ ആവശ്യപ്പെട്ട നിർദേശങ്ങൾ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പാർലമെന്‍റാണ് ജനാധിപത്യത്തിന്‍റെ കേന്ദ്രബിന്ദുവെന്നും അതിന്‍റെ സുരക്ഷ പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, പാർലമെന്‍റിന്‍റെ സുരക്ഷ സംബന്ധിച്ച് നിയമനിർമാണത്തിനുള്ള ആശയരേഖ പരിഗണിക്കാൻ പോലും കോടതിക്ക് നിർദേശം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

അനധികൃത എൽപിജി സിലിണ്ടർ റീഫില്ലിങ്; ഒൻപത് പേർ അറസ്റ്റിൽ

സുചിക തരിയാൽ സെമിയിൽ; മിക്സഡ് മാർഷ്യൽ ആർട്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ

സാധുവായ വോട്ടുകൾ നീക്കം ചെയ്യാനും അസാധുവായവ കൂട്ടിച്ചേർക്കാനുമുള്ള നീക്കം; എസ്‌ഐആറിനെതിരേ കപിൽ സിബൽ