ന്യൂഡൽഹി: ബുധനാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. റൺവേയിൽ 50 മീറ്ററിനപ്പുറത്തേക്ക് കാഴ്ച കിട്ടാത്തതിനാൽ 110 വിമാന സർവീസുകൾ മുടങ്ങി. ഡൽഹിയിലേക്കുള്ള 25 ട്രെയിനുകളും വൈകി.
റോഡിലും കനത്ത മൂടൽമഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ഇത് വാഹന ഗതാഗതത്തെയും ബാധിച്ചു. നിരവധി റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബുധനാഴ്ച രാവിലെ ആഗ്ര - ലഖ്നൗ എക്സ്പ്രസ് വേയിൽ നിരവധി വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബറേലിയിൽ ഒരു ട്രക്ക് ഹൈവേയ്ക്കു സമീപമുള്ള വീട്ടിലേക്ക് ഇടിച്ചുകയറി.
ഡൽഹി കൂടാതെ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും കനത്ത മൂടൽ മഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമൃത്‌സറിൽ സീറോ വിസിബിലിറ്റിയാണുള്ളത്.
ഡൽഹിയിലെ വായു മലിനീകരണത്തിന്‍റെ തോതും കുതിച്ചുയർന്നിരിക്കുകയാണ്. വെരി പുവർ കാറ്റഗറിയിലാണ് ഇവിടത്തെ വായുവിന്‍റെ ഗുണനിലവാരം കണക്കാക്കിയിരിക്കുന്നത്. കുറഞ്ഞ താപനില ഏഴു ഡിഗ്രിയിലേക്കും താഴ്ന്നു.