ഡി.കെ. ശിവകുമാർ |സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാന നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ വേണ്ടെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിക്കുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും തലപൊക്കിയതോടെയാണ് ഡികെയുടെ നിർദേശം.
"ഇത്തരം പരാമർശങ്ങൾ പാർട്ടിക്ക് ദോഷം ചെയ്യുന്നതാണ്. ഇത് ആവർത്തിക്കുന്നവർക്കെതിരേ നടപടിയുണ്ടാവും''- ശിവകുമാർ പറഞ്ഞു. നേതൃമാറ്റം അടുത്ത മാസം പ്രാബല്യത്തിൽ വരുമെന്ന പാർട്ടി എംഎൽഎ എച്ച്.ഡി. രംഗനാഥിന്‍റെയും മുൻ മാണ്ഡ്യ എംപി എൽ.ആർ. ശിവരാമ ഗൗഡയുടെയും പുതിയ അവകാശവാദങ്ങളെ തുടർന്നാണ് മുന്നറിയിപ്പ്. ഈ അവകാശവാദങ്ങൾ ശിവകുമാർ തള്ളി.
അധികാര പങ്കിടലിനെക്കുറിച്ച് ആർക്കും സംസാരിക്കാൻ അനുവാദമില്ല. ഇത് സംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ജി.സി. ചന്ദ്രശേഖറിനോട് നോട്ടീസ് നൽകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾക്കിടെ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവയോടെ വിവാദങ്ങൾ അവസാനിച്ചെന്നും ഇനി ഇതിൽ ഒരു ചർച്ചയുമില്ലെന്നും പറഞ്ഞ ശിവകുമാർ ഇരുവരും പാർട്ടിയുടെ അച്ചടക്കമുള്ള നേതാക്കളാണെന്നും വ്യക്തമാക്കി.