ഡോ. ഉമർ മുഹമ്മദ്
ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദാണെന്ന് സ്ഥിരീകരണം. സംഭവ സ്ഥലത്തു നിന്നും ലഭിച്ച കൈ ശേഖരിച്ച് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം. ഉമറിന്‍റെ കുടുംബത്തെ കസ്റ്റഡിയിലെടുത്ത് അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തിയത്.
തിങ്കളാഴ്ച (നവംബർ 10) തിരക്കേറിയ സമയത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സ്ഫോടനത്തെ 'ദേശവിരുദ്ധ' ശക്തികൾ നടത്തിയ 'ഹീനമായ ഭീകരാക്രമണം' എന്നാണ് ബുധനാഴ്ച കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ സുരക്ഷാ സമിതി യോഗം ചേരുകയും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രത്യേക ചർച്ചകൾ നടത്തുകയും ചെയ്തു.
അതേസമയം, ആക്രമണം നടത്തിയെന്ന് കരുതപ്പെടുന്ന ഫരീദാബാദിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു മൊഡ്യൂളിലെ ശേഷിക്കുന്ന അംഗങ്ങൾക്കായി സുരക്ഷാ ഏജൻസികൾ തെരച്ചിൽ തുടരുകയാണ്.