മുട്ടക്കച്ചവടക്കാരന് 6 കോടി രൂപയുടെ ജിഎസ്ടി ബിൽ!
അലിഗഡ്: മധ്യപ്രദേശിൽ നിത്യവൃത്തിക്കായി മുട്ട വിൽക്കുന്നയാൾക്ക് 6 കോടി രൂപയുടെ ജിഎസ്ടി ബിൽ ലഭിച്ചതായി റിപ്പോർട്ട്. പ്രിൻസ് സുമം എന്നയാൾക്കാണ് ഇൻകംടാക്സ് ഡിപ്പാർട്മെന്‍റ് വൻതുകയുടെ ബിൽ നൽകിയിരിക്കുന്നത്. 2022ൽ ഡൽഹിയിൽ പ്രിൻസ് സുമത്തിന്‍റെ പേരിലുള്ള പ്രിൻസ് എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിന് 50 കോടിയിലധികം രൂപയുടെ വരുമാനമുണ്ടെന്നും അതു കൊണ്ട് 6 കോടി രൂപ ജിഎസ്ടി ആയി അടക്കണമെന്നുമാണ് നോട്ടീസിൽ ഉള്ളത്. താനിത് വരെ ഡൽഹി കണ്ടിട്ടു പോലുമില്ല. പിന്നെങ്ങനെയാണ് അവിടെ കമ്പനി ആരംഭിക്കുന്നതെന്ന് പത്താറിയ നഗറിലെ പ്രിൻസ് പറയുന്നു.
50 കോടി രൂപയുടെ വരുമാനമുണ്ടെങ്കിൽ ദിവസവും മുട്ട വിൽക്കാൻ ഇറങ്ങേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ലെതർ, മരം, ഇരുമ്പ് എന്നിവയുടെ വലിയ തോതിലുള്ള ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിൽ കഴിഞ്ഞ രണ്ടു വർഷമായി വൻതുകയുടെ ഇടപാടുകൾ നടന്നതായും നോട്ടീസിൽ ഉണ്ട്. ഒരു പക്ഷേ പ്രിൻസിന്‍റെ തിരിച്ചറിയൽ രേഖകൾ മറ്റാരെങ്കിലും ദുരുപയോഗം ചെയ്തതായിരിക്കാം എന്നാണ് അഭിഭാഷകൻ പറയുന്നത്. ഇതിനെതിരേ പ്രിൻസ് പൊലീസിനെയും ടാക്സ് അഥോറിറ്റിയെയും സമീപിച്ചിട്ടുണ്ട്.
അലിഗഡിലെ ജ്യൂസ് കടക്കാരൻ മുഹമ്മദ് റഹീസിനും സമാനമായ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. 7.5 കോടി ജിഎസ്ടി അടക്കണമെന്ന നോട്ടീസാണ് റഹീസിന് കിട്ടിയിരിക്കുന്നത്. ഇത്രയും വലിയ തുക താൻ കണ്ടിട്ടു പോലുമില്ല, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് റഹീസ് പറയുന്നു. 2020-21 കാലഘട്ടത്തിൽ കോടികളുടെ ഇടപാടുകൾ റഹീസിന്‍റെ പേരിൽ നടന്നിട്ടുണ്ടെന്നാണ് ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റ് അറിയിക്കുന്നത്. റഹീസും അധികൃതരെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്.