മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വെള്ളിയാഴ്ച പട്‌നയിലെത്തി. ശനി, ഞായർ ദിവസങ്ങളിൽ പട്നയിൽ തെരഞ്ഞെടുപ്പ് അവലോകന യോഗം ചേരും. സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സാധാരണയായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സന്ദർശനത്തിനായി എത്തുന്നത്. ഇതനുസരിച്ച് തിയതി വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച പ്രഖ്യാപനമുണ്ടായേക്കുമെന്ന അനൗദ്യോഗിക വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
നവംബർ 22 നാണ് ബിഹാർ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഇതിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണം. ഈ സാഹചര്യത്തിൽ ഒക്‌ടോബർ അവസാനമോ നവംബർ ആദ്യമോ ആയി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്.