ലിവ് ഇൻ ബന്ധങ്ങളുടെ അപകടം മുൻകൂട്ടി കാണണമെന്ന് കോടതി.

 

freepik.com

India

ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമല്ല

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ലിവ് ഇൻ ബന്ധത്തിലെ യുവതി നൽകിയ പരാതിയിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

MV Desk

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ലിവ് ഇൻ ബന്ധത്തിലെ യുവതി നൽകിയ പരാതിയിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ലിവ് ഇൻ ബന്ധത്തിലേർപ്പെട്ടശേഷം അത് അവസാനിപ്പിക്കുന്നതു ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്നു കോടതി. ഇത്തരം ബന്ധത്തിലേർപ്പെടുമ്പോൾ അതിന്‍റെ അപകടം മുൻകൂട്ടി കാണണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്നയുടെ ബെഞ്ച് ഓർമിപ്പിച്ചു.

ലിവ് ഇന്‍ പങ്കാളിക്കെതിരേ യുവതി നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണു കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികചൂഷണം നടത്തിയെന്നാണു യുവതിയുടെ പരാതി. എന്നാൽ, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ലൈംഗികാതിക്രമവും തമ്മില്‍ വ്യത്യാസമുണ്ടെന്നു കോടതി വ്യക്തമാക്കി. പരാതിക്കാരിയും കുറ്റാരോപിതനും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്. ഇപ്പോൾ യുവതി ലൈംഗിക ചൂഷണത്തിനും ബലാത്സംഗത്തിനും പരാതി നൽകുന്നു. ഉഭയസമ്മതത്തോടെയുള്ള ബന്ധം എങ്ങനെയാണ് ലൈംഗികാതിക്രമമായി മാറുന്നതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചു.

ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, സാധാരണയായി 'ഇരയെ അപമാനിക്കുന്നതായാണ്' വിമര്‍ശിക്കപ്പെടുക, എന്നാല്‍, സമ്മതത്തിന്‍റെ സ്വഭാവവും പ്രധാനമെന്ന് ഓർമിപ്പിച്ച ജസ്റ്റിസ് നാഗരത്ന സമ്മതത്തോടെയുള്ള ബന്ധം എങ്ങനെയാണ് കുറ്റകൃത്യത്തിലേക്ക് മാറുന്നതെന്നും ചോദിച്ചു. വിധവയായിരുന്ന യുവതിക്ക് 18 വയസ്സുള്ളപ്പോഴാണ് വിവാഹ വാഗ്ദാനം നല്‍കിയതെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഈ സമയത്ത് ആരോപണവിധേയന്‍ വിവാഹിതനും നാല് ഭാര്യമാരും ഉണ്ടായിരുന്നു. ഇക്കാര്യം യുവതിക്ക് അറിയില്ലായിരുന്നുവെന്നും അഭിഭാഷകര്‍ വാദിച്ചു.

എന്നാല്‍, നിയമപരമായി വിവാഹം കഴിക്കുന്നതിനു മുമ്പ് എന്തിന് ഒന്നിച്ചു ജീവിച്ചുവെന്നും എന്തിന് കുഞ്ഞുണ്ടാകാന്‍ തീരുമാനിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതേ രീതിയിലാണ് പ്രതി മറ്റ് സ്ത്രീകളോടും പെരുമാറിയതെന്ന് അഭിഭാഷകര്‍ അറിയിച്ചപ്പോള്‍, കോടതിക്ക് മുന്നിലുള്ള കേസിനെക്കുറിച്ച് മാത്രമാണ് ചോദിക്കുന്നതെന്നായിരുന്നു മറുപടി.

എങ്കിലും, യുവതിയുടെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി, കുട്ടിയുടെ ചെലവിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

പാമ്പ് ഭീതി ഒഴിയുന്നില്ല; വീട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പാമ്പു കടിച്ചു, 18 കാരിയും ചികിത്സയിൽ

സംസ്ഥാനത്ത് ചൊവ്വാഴ്ച ഹർത്താൽ; ഏതെല്ലാം സർവീസുകളെ ബാധിക്കും!

"ചക്ക വീണ് പാമ്പു ചത്തു"; മൂർഖനെയാണ് വീട്ടുവളപ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത്

"ചൂടിനെ പ്രതിരോധിക്കാൻ എസി വേണ്ട, പോക്കറ്റിൽ ഒരു സവാള മാത്രം മതി"; വിവാദപ്രസ്താവനയുമായി സിന്ധ്യ|Video

ആംആദ്മിക്ക് തിരിച്ചടി; 7 എംപിമാരുടെ ബിജെപി ലയനത്തിന് രാജ്യസഭാ സെക്രട്ടേറിയറ്റിന്‍റെ അംഗീകാരം