മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം
symbolic image
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ സർക്കാർ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അമരാവതിയിലെ ജില്ലാ വനിതാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) തിങ്കളാഴ്ച പുലർച്ചെ 3.15ഓടെയാണ് സംഭവം.
എൻഐസിയുവിൽ ഉപയോഗിച്ചിരുന്ന വെന്‍റിലേറ്ററിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. എൻഐസിയുവിലെ ഔട്ട്ബോൺ വിഭാഗത്തിലായിരുന്നു തീപിടിത്തം.
ഔട്ട്ബോൺ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് കുഞ്ഞുങ്ങളാണ് മരിച്ചത്. വിവിധ വിഭാഗങ്ങളിലായി 39 നവജാത ശിശുക്കളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്.
രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും ഡിവിഷണൽ റഫറൽ സർവീസസ് ആശുപത്രിയിലേക്കും മാറ്റി. ഇതിൽ ഒരു കുഞ്ഞിന്‍റെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെ ഉത്തരവിട്ടു.