ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് (റിട്ട) ആൽഫ്രഡ് ടൈറോൺ കുക്ക്

 
India

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന

‘ആക്രമണാത്മക വ്യോമപോരാട്ടത്തിന്‍റെ മാസ്റ്റർക്ലാസ്’ എന്നാണ് അദ്ദേഹത്തിന്‍റെ പോരാട്ടത്തെ വ്യോമസേന വിശേഷിപ്പിച്ചത്

Sarath Nath MS

ന്യൂഡൽഹി: 1965ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനിടെ കാലൈകുണ്ഡയ്ക്ക് മുകളിൽ നടത്തിയ ഐതിഹാസിക വ്യോമപോരാട്ടത്തിലൂടെ ശ്രദ്ധേയനായ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് (റിട്ട) ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു. ഇന്ത്യൻ വ്യോമസേനയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ‘ആക്രമണാത്മക വ്യോമപോരാട്ടത്തിന്‍റെ മാസ്റ്റർക്ലാസ്’ എന്നാണ് അദ്ദേഹത്തിന്‍റെ പോരാട്ടത്തെ വ്യോമസേന വിശേഷിപ്പിച്ചത്.

വീർ ചക്ര പുരസ്കാര ജേതാവായ കുക്ക് വെള്ളിയാഴ്ച ഡൽഹിയിലാണ് അന്തരിച്ചതെന്ന് വ്യോമസേന അറിയിച്ചു. യുദ്ധത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ച ധീരതയും പരമമായ വീര്യവും അനുസ്മരിച്ച് ഇന്ത്യൻ വ്യോമസേന എക്‌സിൽ ആദരാഞ്ജലി അർപ്പിച്ചു.

“വീർ ചക്ര പുരസ്കാര ജേതാവായ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചതിൽ ഇന്ത്യൻ വ്യോമസേനയിലെ എല്ലാ എയർ വാരിയേഴ്സും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. യുദ്ധവീരനായ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് കുക്ക്, 1965ലെ ഇന്ത്യ–പാക് യുദ്ധത്തിൽ പരമമായ ധീരത പ്രകടിപ്പിച്ചു”- വ്യോമസേന എക്‌സിൽ കുറിച്ചു. അദ്ദേഹത്തിന്‍റെ പഴയ ചിത്രവും വ്യോമസേന പങ്കുവച്ചു.

“കാലൈകുണ്ഡയ്ക്ക് മുകളിലെ അദ്ദേഹത്തിന്‍റെ ഐതിഹാസിക വ്യോമപോരാട്ടം ആക്രമണാത്മക വ്യോമപോരാട്ടത്തിന്‍റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്‍റെയും മാസ്റ്റർക്ലാസായി തുടരുന്നു. ധീരതയ്ക്കും തന്ത്രപരമായ മികവിനും സ്വന്തം സുരക്ഷയെ അവഗണിച്ചതിനും അദ്ദേഹത്തിന് വീർ ചക്ര സമ്മാനിച്ചു. അദ്ദേഹത്തിന്‍റെ ഓർമ വരുംതലമുറകളിലെ എയർ വാരിയേഴ്സിന് പ്രചോദനമായി തുടരും”- വ്യോമസേന പറഞ്ഞു.

പശ്ചിമ ബംഗാളിലാണ് കാലൈകുണ്ഡ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. 1965ലെ യുദ്ധത്തിനിടെ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരും പാക്കിസ്ഥാൻ വ്യോമസേനയുടെ പൈലറ്റുമാരും തമ്മിൽ ഇവിടെ വച്ച് നേർക്കുനേർ ശക്തമായ വ്യോമപോരാട്ടം നടന്നിരുന്നു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

"പിണറായി മാറിയാൽ എല്ലാവരുംകൂടി റിയാസിനെ ചവിട്ടിപ്പിഴിയും, അതാണ് ദുബായിൽ ബിസിനസ് തുടങ്ങാൻ പ്ലാനിട്ടത്"; കെ. മുരളീധരൻ

അട്ടപ്പാടി വനത്തിൽ വൻ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പൂർണ വളർച്ച എത്തിയ 1566 ചെടികൾ