വീസ് പേസ് | ലിയാന്‍ഡർ പേസ്
ന്യൂഡൽഹി: മുൻ ടെന്നീസ് താരം ലിയാൻഡർ പേസിന്‍റെ പിതാവും പ്രശസ്ത ഹോക്കി താരവുമായ ഡോ. വീസ് പേസ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു മരണം.
1972ലെ മ്യൂണിക് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മിഡ്ഫീൽഡറായിരുന്നു ഇദ്ദേഹം. ഹോക്കിക്കുപുറമെ ഫുട്‌ബോൾ, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും മികവ് തെളിയിച്ചു.
1996 മുതൽ 2002 വരെ ഇന്ത്യൻ റഗ്ബി ഫുട്‌ബോൾ യൂണിയന്‍റെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു.
സ്പോർട്സ് മെഡിസിനിൽ സർട്ടിഫൈഡ് ഡോക്റ്ററായിരുന്ന വീസ്, വൈദ്യശാസ്ത്ര വൈദഗ്ധ്യം കായികരംഗത്തേക്ക് കൊണ്ടുവന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ, ബിസിസിഐ, ഇന്ത്യൻ ഡേവിസ് കപ്പ് ടീം തുടങ്ങി നിരവധി സംഘടനകളിൽ മെഡിക്കൽ കൺസൾട്ടന്‍റായി പ്രവർത്തിച്ചു.
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ക്ലബ്ബുകളിലൊന്നായ കൊൽക്കത്ത ക്രിക്കറ്റ് ആൻഡ് ഫുട്‌ബോൾ ക്ലബ്ബിന്‍റെ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകൻ ലിയാൻഡർ പേസ്, പിതാവിന്‍റെ പാത പിന്തുടർന്ന് ഒളിംപിക് മെഡൽ നേടിയ ടെന്നീസ് താരമായി.