റഫ: യുദ്ധം നാലര മാസത്തിലെത്തുമ്പോൾ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29000 കടന്നുവെന്ന് ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം 107 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അധികൃതർ. കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ടും സ്ത്രീകളും കുട്ടികളുമാണെന്നും 69000 പേർക്കു പരുക്കേറ്റെന്നും ഹമാസ് അവകാശപ്പെട്ടു. എന്നാൽ, മരിച്ചവരിൽ ഹമാസ് അംഗങ്ങളെത്രയെന്നോ സാധാരണക്കാരെത്രയെന്നോ വെളിപ്പെടുത്താൻ തയാറായില്ല.
ഒക്റ്റോബർ ഏഴിന് സാധാരണക്കാർക്കു നേരേ ഹമാസ് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചത്. ഹമാസിനെ പൂർണമായി ഇല്ലാതാക്കുന്നതു വരെ ആക്രമണം തുടരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേലിൽ വിവിധ കുറ്റങ്ങളുടെ പേരിൽ ജയിലിൽ കഴിഞ്ഞിരുന്ന 240 പലസ്തീനികളെ വിട്ടയച്ചതിനു പകരമായി ഹമാസ് ബന്ദിയാക്കിയ 100 പേരെ മോചിപ്പിച്ചിരുന്നു. എന്നാൽ, 130 പേർ കൂടി ഇനിയും ഹമാസിന്റെ തടവിലുണ്ട്. ഇവരിൽ അമ്പതോളം പേർ മരിച്ചതായാണ് കരുതുന്നത്.
അതേസമയം, 10000ലേറെ ഭീകരരെ വധിച്ചെന്ന് ഇസ്രയേൽ പറഞ്ഞു. സാധാരണക്കാർക്ക് അപായമുണ്ടാകുന്നത് ഒഴിവാക്കാൻ പരമാവധി മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്നും 236 സൈനികർക്ക് ജീവൻ നഷ്ടമായെന്നും ഇസ്രയേൽ അറിയിച്ചു.
മാർച്ച് പത്തിന് ആരംഭിക്കുന്ന റംസാൻ മാസത്തിനു മുൻപ് ബന്ദികളെ പൂർണമായി മോചിപ്പിച്ചില്ലെങ്കിൽ റഫയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രയേൽ യുദ്ധ ക്യാബിനറ്റ് അംഗം ബെന്നി ഗാന്റ്സ് മുന്നറിയിപ്പു നൽകി. റഫയിൽ നിന്നു സാധാരണക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം.