പൂനെ: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് ഒരാൾ മരിച്ചതോടെ മഹാരാഷ്‌ട്രയിലെ പൂനെ ഭീതിയിൽ. സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. 100ലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. സാഹചര്യത്തെക്കുറിച്ചു പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചു. ഏഴംഗങ്ങളുള്ളതാണു സമിതി. വയറിളക്കം, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെ 18 ന് ആശുപത്രിയിലെത്തിച്ച രോഗിയാണ് ഞായറാഴ്ച മരിച്ചത്.
24 മണിക്കൂറിനുള്ളിൽ മാത്രം 28 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 16 പേർ വെന്‍റിലേറ്ററിലാണ്. ഒമ്പത് വയസിന് താഴെയുള്ള 19 കുട്ടികളാണ് ചികിത്സയിലുള്ളത്. 23 പേർ 50 വയസിന് മുകളിലുള്ളവരാണ്. പൂനെയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ഖഡക്‌വാസ്‌ല അണക്കെട്ടിന് സമീപമുള്ള ഒരു കിണറ്റിൽ ഉയർന്ന അളവിൽ ഇ. കോളി ബാക്റ്റിരിയയുടെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.