അമീഷ പട്ടേൽ
മുംബൈ: ബോളിവുഡ് താരം അമീഷ പട്ടേലിന്‍റെ മുംബൈയിലെ കുടുംബവീട്ടിൽ നിന്നും 5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വജ്രാഭരണങ്ങളും മോഷണം പോയി. സംഭവത്തിൽ വീട്ടുജോലിക്കാരിയായ സീമ ഘാട്ടെ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. നടിയുടെ അമ്മ ആശ പട്ടേലിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.
ചർച്ച്ഗേറ്റിലുള്ള വസതിയിൽ ഏകദേശം 18 മാസത്തോളമായി ജോലി ചെയ്തുവരുകയായിരുന്നു 40കാരിയായ സീമ. മറൈൻ ഡ്രൈവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിഎൻഎസ് സെഷൻ 306 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ 15വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ജനുവരിയിൽ ഒരു വള കാണാതാകുകയും അമീഷ പട്ടേൽ സീമയെ സംശയിക്കുകയും പൊലീസിനെ സമീപിക്കുന്നതിനു മുൻപ് നഷ്ടപ്പെട്ട വള തിരിച്ചുതരണമെന്ന് ആവശ‍്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ വള തിരികെ ലഭിക്കാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കാണാതായതായി പറയപ്പെടുന്ന വള ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. അതേസമയം, ഭൂൽ ഭുലയ്യ, ഹംരാജ്, കഹോ നാ പ‍്യാർ ഹേ, തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തിട്ടുള്ള നടിയാണ് അമീഷ പട്ടേൽ.