ഗുജറാത്ത് വിമാനാപകടം: എല്ലാ യാത്രക്കാരും മരിച്ചതായി റിപ്പോർട്ട്
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചതായി റിപ്പോർട്ട്. അപകടത്തിന്‍റെ വ്യാപ്‌തി കണക്കിലെടുത്ത് ആരും രക്ഷപ്പെട്ടിട്ടില്ലെന്നും വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേരുടെയും മരിച്ചതായി അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജി എസ് മാലിക് അറിയിച്ചു.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ നഴ്‌സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.
അതേസമയം, എയർഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ സമയം, ബിജെ മെഡിക്കൽ കോളെജിന്‍റെ ഹോസ്റ്റലിലുണ്ടായിരുന്ന 5 വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ 50ഓളം പേർക്ക് പരുക്കേറ്റു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.
വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടമുണ്ടായത്. മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാർഥിയും ഉൾപ്പെടുന്നു.
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം.