പശ്ചിമേഷ്യൻ സംഘർഷം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

 

file photo

India

പശ്ചിമേഷ്യൻ സംഘർഷം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

വിലക്കയറ്റം തടയുന്നതിനും പൂഴ്ത്തി വയ്പ് ഒഴിവാക്കുന്നതിനും സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും ടീം ഇന്ത്യ എന്ന നിലയിൽ ഈ പ്രതിസന്ധിയെ നേരിടണമെന്നും മോദി

Reena Varghese

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം മൂർച്ഛിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്. അമെരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം ആഗോളതലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. യുദ്ധം മൂന്നാഴ്ച പിന്നിട്ടതോടെ ഉണ്ടായേക്കാവുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ യോഗം വിലയിരുത്തും.

യുദ്ധം മൂലം ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടത് ഇന്ത്യയുടെ ഇറക്കുമതിയെയും വ്യാപാരത്തെയും കാര്യമായി ബാധിച്ചു. പെട്രോൾ, ഡീസൽ, പാചകവാതകം, രാസവളങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താൻ സംസ്ഥാനങ്ങൾ കേന്ദ്രവുമായി സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടും.

വിപണിയിൽ അനാവശ്യമായ വിലക്കയറ്റം തടയുന്നതിനും പൂഴ്ത്തി വയ്പ് ഒഴിവാക്കുന്നതിനും സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും ടീം ഇന്ത്യ എന്ന നിലയിൽ ഈ പ്രതിസന്ധിയെ നേരിടണമെന്നും അദ്ദേഹം നിർദേശിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ് കേന്ദ്ര സർക്കാരിന്‍റെ മറ്റൊരു പ്രധാന ആശങ്ക.

ഇതിനകം മൂന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാർ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ സുരക്ഷയും മടങ്ങി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും. കൂടാതെ, ഇന്ധന-ഊർജ്ജ സുരക്ഷയ്ക്കായി ഏഴ് ശാക്തീകരണ ഗ്രൂപ്പുകൾക്ക് രൂപം നൽകിയതായും വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മുഖ‍്യമന്ത്രി പ്രഖ‍്യാപനം കാത്ത് കേരളം

കോലി തന്നെ കിങ്; ആർസിബി തലപ്പത്ത്

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണച്ച വിമത എംഎൽഎമാർക്കെതിരേ നടപടി

രാജ‍്യത്ത് പാൽ വില കൂട്ടി അമുൽ

മുപ്പതോളം മിസൈൽ കേന്ദ്രങ്ങളെ സജീവമാക്കി നിർത്തി ഇറാൻ