ഹാസൻ: കർണാടകയിലെ ഹാസൻ ജില്ലയിൽ ഒറ്റ മാസത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ, വിദഗ്ധരുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനു പിന്നാലെ ഹാസൻ ഭരണകൂടം മുതിർന്ന ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു.
എൻസിഡി (Non-Communicable Diseases) യുടെ ഒരു വിദഗ്ധ സംഘത്തെ പഠനത്തിനായി ചൊവ്വാഴ്ച (July 01) നിയോഗിച്ചെന്നും ഇവർക്ക് 10 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദേശം നൽകിയതായും ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ലതാകുമാരി അറിയിച്ചു.
40 ദിവസത്തിനുള്ളിൽ 30നും 55നും ഇടയിൽ പ്രായമുള്ള 21 മരണങ്ങളാണ് ഹൃദയാഘാതം മൂലമുണ്ടായത്. തിങ്കളാഴ്ച മാത്രം 3 പേർ മരിച്ചു. ഇതിൽ വലിയൊരു വിഭാഗം 45 വയസിന് താഴെയുള്ളവരാണെന്നതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം. മരിച്ചവരിൽ 5 പേർ (19-25) വയസിനും, 8 പേർ (25-45) വയസിനും ഇടയിലുള്ളവരാണ്.
കണക്കുകൾ പ്രകാരം കഴിഞ്ഞ 2 വർഷത്തിനിടെ ഹാസനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 507 മരണങ്ങളിൽ 190 എണ്ണവും ഹൃദയാഘാതം മൂലമുള്ള മരണണങ്ങളാണെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരിച്ചവർക്ക് ഒന്നിലധികം രോഗങ്ങൾ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചെന്നും എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകു എന്നും ജില്ലാ ആരോഗ്യ ഓഫീസർ ഡോ. അനിൽ കുമാർ വ്യക്തമാക്കി.