India

'അതു ഖബറിസ്ഥാനല്ല, അരക്കില്ലം'; അര നൂറ്റാണ്ടിന്‍റെ തർക്കത്തിൽ വിധി

മഹാഭാരത കാലഘട്ടവുമായി ബന്ധിപ്പിക്കുന്ന നിരവധി തെളിവുകൾ ഇവിടെ നിന്നു കണ്ടെത്തിയെന്നു നേരത്തേ വാർത്തകളുണ്ടായിരുന്നു.

ലക്നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ അഞ്ചു പതിറ്റാണ്ടിലേറെയായി നിലനിന്ന ലക്ഷഗൃഹ (അരക്കില്ലം)- ഖബറിസ്ഥാൻ തർക്ക കേസിൽ ഹിന്ദു വിഭാഗത്തിന് അനുകൂലമായി കോടതി വിധി. ഇസ്‌ലാം വിശ്വാസികൾ ഖബറിസ്ഥാനെന്ന് അവകാശപ്പെട്ടിരുന്ന ബർണാവയിലെ പ്രദേശം മഹാഭാരത കാലത്തെ ലക്ഷഗൃഹമെന്നു ജില്ലാ സെഷൻസ് കോടതി വിധിച്ചു. ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയുടെ സർവെയിൽ മഹാഭാരത കാലഘട്ടവുമായി ബന്ധിപ്പിക്കുന്ന നിരവധി തെളിവുകൾ ഇവിടെ നിന്നു കണ്ടെത്തിയെന്നു നേരത്തേ വാർത്തകളുണ്ടായിരുന്നു.

സൂഫി സന്യാസി ഷെയ്ഖ് ബദറുദ്ദീന്‍റെ ശവകുടീരമാണിതെന്നും ഇതിനോടു ചേർന്നുള്ള പ്രദേശമടക്കം ഖബറിസ്ഥാനാണെന്നും വാദിച്ച് 1970ൽ ബർണാവ നിവാസിയും വഖഫ് ബോർഡ് ഉദ്യോഗസ്ഥനുമായ മുഖീം ഖാനാണു കോടതിയെ സമീപിച്ചത്. ലക്ഷഗൃഹ ഗുരുകുലത്തിന്‍റെ സ്ഥാപകൻ ബ്രഹ്മചാരി കൃഷ്ണദത്ത് മഹാരാജിനെ പ്രതിയാക്കിക്കൊണ്ടായിരുന്നു കേസ്. ഗുരുകുലം സ്ഥിതി ചെയ്യുന്നത് ഖബറിസ്ഥാനിലാണെന്നായിരുന്നു വാദം.

എന്നാൽ, മഹാഭാരതത്തിൽ പറയുന്ന അരക്കില്ലമാണിതെന്നും ഇവിടെ കാണുന്ന തുരങ്കം പാണ്ഡവർ രക്ഷപെടാനുപയോഗിച്ചതാണെന്നും ഹിന്ദു വിഭാഗം വാദിച്ചു. എഎസ്ഐ നടത്തിയ പരിശോധനയിൽ ഇവിടെ 4500-5000 വർഷം പഴക്കമുള്ള നാഗരികതയുടെ തെളിവുകൾ കണ്ടെത്തിയിരുന്നു. കുന്നിൻ മുകളിലെ നിർമിതി മുഗൾ ഭരണകാലത്തേതാണെങ്കിലും അതിനടിയിലുള്ളത് പുരാതനകാലത്തെ നിർമിതികളാണെന്നും എഎസ്ഐ പറഞ്ഞു. തുടർന്നാണു കോടതിയുടെ തീരുമാനം. കേസിലെ കക്ഷികളായ മുഖീം ഖാനും മഹാരാജും മരിച്ചു. അനന്തരാവകാശികളാണ് ഇപ്പോൾ കേസ് നടത്തുന്നത്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു മുസ്‌ലിം വിഭാഗം അറിയിച്ചു.

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം

താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു

''ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല''; കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിനോയ് വിശ്വം

ശബരിമലയിലെ സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം