63,000 കോടിയുടെ 26 റഫാൽ യുദ്ധവിമാനങ്ങൾ; ഫ്രാൻസ് -ഇന്ത്യ കരാറിൽ ഒപ്പുവച്ചു
ന്യൂഡൽഹി: റഫാൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഫ്രാൻസും. നാവികസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 26 റഫാൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
22 സിംഗിൾസ് സീറ്റർ, 4 ട്വിൻ സീറ്റർ ജെറ്റുകൾ എന്നിവയാണ് വാങ്ങുക. പൈലറ്റുമാർക്കുള്ള പരിശീലനം, അനുബന്ധ ഉപകരണങ്ങൾ, അറ്റകുറ്റപ്പണിക്കുള്ള സഹായങ്ങൾ ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയും കരാറിന്‍റെ ഭാഗമാണ്.
37 മുതൽ 65 മാസത്തിനകം, ഏകദേശം 2031നുള്ളിൽ കൈമാറ്റം പൂർത്തിയാകും. നേരത്തെയും ഫ്രാൻസിൽ നിന്നു ഇന്ത്യ 36 റഫാൽ വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്.
ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിയിൽനിന്നു പ്രവർത്തിപ്പിക്കാവുന്നതായിരിക്കും പുതിയ മറൈൻ ഫൈറ്റർ ജെറ്റുകൾ. ഇവ വാങ്ങാനുള്ള 63,000 കോടി രൂപയുടെ കരാറിന് 2025 ഏപ്രിൽ 9ന് സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.
ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിലുള്ള പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് വച്ചാണു കരാർ ഒപ്പിട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും, ഫ്രാൻസിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും കരാറിൽ ഒപ്പുവച്ചു.
കരാറിൽ ഒപ്പുവയ്ക്കുന്നതോടെ, ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടാകും നടക്കുക. ഫ്രാൻസിൽനിന്നു സ്‌കോർപീൻ അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിനും കേന്ദ്രസർക്കാർ ഉടൻ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്.