ആകാശ് സിസ്റ്റം ഉപയോഗിച്ചു, ഇന്ത‍്യയുടെ പോരാട്ടം ഭീകരർക്കെതിരേ; വ‍്യക്തമാക്കി സൈന‍്യം
ന‍്യൂഡൽഹി: ഭീകരർക്കെതിരേയായിരുന്നു ഇന്ത‍്യയുടെ പോരാട്ടമെന്ന് വ‍്യക്തമാക്കി ഉന്നത സൈനിക ഉദ‍്യോഗസ്ഥർ. ഭീകരർക്ക് ഒപ്പം നിൽക്കാൻ പാക് സൈന‍്യം തീരുമാനിച്ചതോടെയാണ് ഇന്ത‍്യ ശക്തമായ മറുപടി നൽകിയതെന്നും ആകാശ് സിസ്റ്റം ഉൾപ്പെടെയുള്ളവ ഇന്ത‍്യ പ്രയോഗിച്ചുവെന്നും ഉദ‍്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാക്കിസ്ഥാന്‍റെ ചൈനീസ് നിർമിത മിസൈലുകൾ ലക്ഷ‍്യം കണ്ടില്ല.
മൂന്ന് സേനകളും ചേർന്ന് പാക്കിസ്ഥാൻ ആക്രമണങ്ങളെ പ്രതിരോധിച്ചു. പല തലങ്ങളിലുള്ള എയർ ഡിഫൻസ് സംവിധാനം, എയർ ഡിഫൻസ് തോക്കുകൾ എന്നിവ ഇന്ത‍്യ പ്രയോഗിച്ചു.
നമ്മുടെ വ‍്യോമപ്രതിരോധ സംവിധാനത്തെ തകർക്കാൻ പാക് ആക്രമണങ്ങൾക്ക് സാധിച്ചില്ലെന്നും ഉദ‍്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തകർന്ന പാക്കിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും സൈന‍്യം വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.