വിദേശകാര്യ മന്ത്രി എസ് . ജയശങ്കർ
ന്യൂഡൽഹി: ആഗോള വ്യാപാര പ്രതിസന്ധി മുറുകുന്ന സാഹചര്യത്തിൽ, ബ്രിക്സ് കൂട്ടായ്മ അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയെ സംരക്ഷിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു. യുക്തിയുടെയും ക്രിയാത്മകമായ മാറ്റത്തിന്‍റെയും അടിത്തറയായി ബ്രിക്സ് പ്രവർത്തിക്കണമെന്നും ജയശങ്കർ.
ഐക്യരാഷ്ട്ര സഭയുടെ എൺപതാം പൊതു സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ്, ഏകപക്ഷീയമായ നടപടികളും സാമ്പത്തിക ദേശീയതയും വ്യാപാരത്തിനു ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി തുടരുന്നതിന്‍റെ പേരിൽ അമെരിക്ക ഇന്ത്യക്കു മേൽ 50% അധിക തീരുവ ചുമത്തിയതിനു പിന്നാലെയാണ് പ്രതികരണം. സംഘർഷഭരിതമായ ലോകത്ത് സമാധാനം, നയതന്ത്രം, അന്താരാഷ്ട്ര നിയമങ്ങളുടെ പാലനം എന്നിവ കൂടി ബ്രിക്സ് ഉറപ്പാക്കേണ്ടതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
2026ൽ ഇന്ത്യക്കു ലഭിക്കുന്ന ബ്രിക്സ് അധ്യക്ഷസ്ഥാനം മുന്നിൽ കണ്ട് സ്ഥിരതയാർന്ന വികസനം, ഊർജ-ഭക്ഷ്യ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കു മുൻതൂക്കം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. യോഗത്തിൽ ബ്രിക്സും ഐബിഎസ്എയും (ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഗാസയിലെ ഇസ്രായേലിന്‍റെ നടപടികളും സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തി.