തമിഴക വെട്രി കഴകം റാലിക്കിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട വൃന്ദ
ചെന്നൈ: തമിഴക വെട്രി കഴകം റാലിക്കിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം നിരസിച്ച് കുടുംബം. നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഒന്നും പരിഹരിക്കാനാവില്ലെന്നും ഞങ്ങൾക്കും പണം വേണ്ട, ഞങ്ങളുടെ മകളെ തിരികെ തരൂ എന്നും കുടുംബം പ്രതികരിച്ചു.
വിജയ്‌യുടെ കടുത്ത ആരാധികയായിരുന്നു 22 കാരിയായ വൃന്ദ. തന്‍റെ 2 വയസുകാരനായ കുഞ്ഞിനെ സഹേദരിയെ ഏൽപ്പിച്ചാണ് വൃന്ദ വിജയ്‌യെ ഒരു നോക്ക് കാണാനായി കരൂരിൽ നടന്ന റാലിയിലേക്കെത്തിയത്. അവിടെ വച്ച് തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് തന്നെ യുവതിയെ ഏറെ ബന്ധപ്പെടാൻ കുടുംബം ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് വൃന്ദ മരിച്ച വിവരം ഞായറാഴ്ച രാവിലെയാണ് കുടുംബം അറിയുന്നത്.
'ഒരു യോഗം സംഘടിപ്പിക്കുകയാണെങ്കിൽ, സ്ഥലമുണ്ടെന്ന് ഉറപ്പാക്കുക, ആളുകൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുക. നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഒന്നും പരിഹരിക്കാനാവില്ല. ഞങ്ങൾക്ക് ഈ പണം വേണ്ട, ഞങ്ങളുടെ മകളുടെ ജീവൻ തിരികെ വേണം. ജീവൻ തിരികെ തരാൻ കഴിയുമോ?" കുടുംബം ചോദിച്ചു.