ട്രെയിനുകളുടെ യാത്രാ സമയം മൂന്ന് മണിക്കൂർ വരെ കുറയും.
മംഗലാപുരം: കൊങ്കൺ പാതയിലെ 38 ട്രെയിനുകളുടെ സമയക്രമത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റം. ജൂൺ 15 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. സാധാരണഗതിയിൽ ഒക്റ്റോബർ 31 വരെയാണു മൺസൂൺ സമയക്രമം. ഇത്തവണ ഇതു നേരത്തേ അവസാനിപ്പിക്കുകയായിരുന്നു.
ഇതുപ്രകാരം ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം സെൻട്രൽ രാജധാനി, വെരാവൽ വീക്ക്ലി എക്സ്പ്രസ്, ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ്, ഓഖ ബൈ വീക്ക‍്‍ലി എക്സ്പ്രസ്, ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ്, മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഉൾപ്പെടെ ട്രെയ്‌നുകൾ പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം മാറും.
പുതിയ സമയക്രമം ഇങ്ങനെ:
എറണാകുളം നിസാമുദ്ദിൻ മംഗള എക്സ്പ്രസ് (12617) എറണാകുളം ജംക്‌ഷനിൽ നിന്ന് ഉച്ചയ്ക്ക് 1.25നു പുറപ്പെടും.
തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) തിരുവനന്തപുരം സെൻട്രലിൽ നിന്നു രാവിലെ 9.15നു പുറപ്പെടും.
എറണാകുളം – പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) രാവിലെ 2.15ന് എറണാകുളം ജംക്‌ഷനിൽ നിന്ന് പുറപ്പെടും.
വെരാവൽ വീക്ക്ലി എക്സ്പ്രസ് (16334) തിരുവനന്തപുരം സെൻട്രലിൽ നിന്നു വൈകിട്ട് 3.45ന് പുറപ്പെടും.
മുംബൈ എൽടിടി ഗരീബ് എക്സ്പ്രസ്(12202) തിരുവനന്തപുരത്ത് നിന്നു രാവിലെ 7.45ന് പുറപ്പെടും.
ഇനി 2026 ജൂൺ 15 വരെ 110-120 കിലോമീറ്റർ വേഗത്തിലാണ് കൊങ്കൺ പാതയിലൂടെ ട്രെയിനുകൾ ഓടുക. ഈ പാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്.
പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നു മണിക്കൂറോളം വൈകിയേ പുറപ്പെടൂ.
എറണാകുളത്തുനിന്ന് രാവിലെ 10.30ന് പുറപ്പെട്ടിരുന്ന മംഗള എക്സ്പ്രസ് ഇനി ഉച്ചയ്ക്ക് 1.25നു മാത്രമായിരിക്കും പോകുക.
നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരു മണിക്കൂർ നേരത്തെ എത്തുകയും ചെയ്യും. രാത്രി 10.35ന് മംഗളൂരു വിടുന്ന ട്രെയിൻ ഷൊർണൂരിൽ പുലർച്ചെ 4.10നാണ് എത്തിച്ചേരുന്നത്.
തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15നായിരിക്കും പുറപ്പെടുക. എറണാകുളം ജംക്‌ഷനിൽ ഉച്ചയ്ക്ക് 1.45നും, കോഴിക്കോട്ട് വൈകിട്ട് ആറിനും എത്തും.
ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഇനി ഒന്നര മണിക്കൂർ നേരത്തേ എത്തും. കോഴിക്കോട്ട് രാവിലെ 9.42ന് എത്തിയിരുന്ന ട്രെയിൻ ഇനി 8.07ന് എത്തും.