ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; പെട്രോൾ പമ്പ് മണ്ണിനടിയിലായി, ഗതാഗതം പൂർണമായും സ്തംഭിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഒരു പെട്രോൾ പമ്പ് മണ്ണിനടിയിലായി. ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ് മണ്ണിനടിയിലായതെന്നാണ് വിവരം. അപകടത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്ത് നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി രക്ഷാപ്രവർത്തകരെയും യന്ത്രങ്ങളെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് പൂർണമായും ഗതാഗതം തടസപ്പെട്ട നിലയിലാണ്.
ഞായറാഴ്ച വൈകുന്നേരം 7 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പെട്രോൾ പമ്പ് ഉടമ ജയ് പാൽ സിങ് ജാംവാൾ പറഞ്ഞു. സമീപത്തുള്ള മലയിൽ ഒരു വിള്ളൽ ഉണ്ടായിരുന്നു, തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.