മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ
ലഖ്നൗ: തെരുവുനായ ശല്യത്തിനെതിനെതിരേ കർശന നടപടിയുമായി ഉത്തർപ്രദേശിൽ സർക്കാർ. പ്രകോപനമില്ലാതെ ഒരു മനുഷ്യനെ കടിക്കുന്ന നായകളെ 10 ദിവസത്തേക്ക് മൃഗസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും.
എന്നാൽ അതേ നായ വീണ്ടും കടിച്ചാൽ, മൂന്നംഗ സംഘം കേസ് അന്വേഷിക്കും. നായയെ ആക്രമിക്കാൻ പ്രകോപിപ്പിച്ചതായി തെളിയിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെങ്കിൽ ജീവിതാവസാനം വരെ നായയെ മൃഗസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കാമെന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഈ നായകളെ ദത്തെടുക്കാൻ ആരെങ്കിലും തയ്യാറാവുകയാണെങ്കിൽ തെരുവിൽ ഉപേക്ഷിക്കില്ലെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രം അവയെ വിട്ടു നൽകും.
കടിയേറ്റ ഇര സർക്കാർ ആശുപത്രിയിൽ നിന്നുള്ള ചികിത്സാ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വിവരം ലഭിച്ച ശേഷം, മുനിസിപ്പൽ കോർപ്പറേഷന്‍റെ മൃഗസംരക്ഷണ വകുപ്പ് നായയെ സെന്‍ററിലേക്ക് കൊണ്ടുപോകുകയും നിരീക്ഷണത്തിൽ സൂക്ഷിക്കുകയും ചെയ്യും.
തുടർന്ന് 10 ദിവസത്തെ തടങ്കൽ കാലയളവിനുശേഷം നായയെ വിടുന്നതിനുമുമ്പ്, അതിന്‍റെ പെരുമാറ്റം നിരീക്ഷിക്കാൻ നായയിൽ ഒരു മൈക്രോചിപ്പ് സ്ഥാപിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.