ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചു പറന്നതായി റിപ്പോർട്ട്
ഹൈദരാബാദ്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് തിരിച്ചു പറന്നതായി റിപ്പോർട്ട്. പറന്നുയർന്ന് രണ്ടുമണിക്കൂറിന് ശേഷമായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചയോടെയാണ് എൽഎച്ച് 752 ടേക്ക് ഓഫ് ചെയ്തത്. തിങ്കളാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്.
എന്നാൽ ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വിമാനം വൈകിട്ട് അഞ്ചരയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലിറങ്ങി. എന്നാൽ സംഭവത്തെക്കുറിച്ച് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.