മധുരയിൽ ചേരുന്ന മുരുക ഭക്ത സമ്മേളനത്തിനായി തയാറാക്കിയ വേദിയിലെ ആറുപടൈ മുരുകൻ കോവിലുകളിൽ ഗവർണർ ആർ.എൻ. രവി ദർശനത്തിനെത്തിയപ്പോൾ.
മധുര: അഞ്ചു ലക്ഷം മുരുക ഭക്തരുടെ മഹാസംഗമത്തിന് സുന്ദരേശ്വരന്‍റെയും മീനാക്ഷീ ദേവിയുടെയും സമാഗമ ഭൂമിയായ മധുര ഒരുങ്ങി. ദേവ സേനാപതിയായ വേൽമുരുകനെ കുടിയിരുത്തിയ ആറു ക്ഷേത്രങ്ങൾ (ആറുപടൈ മന്ദിരങ്ങൾ) സജ്ജമാക്കിയ മധുര നഗരത്തിലെ സമ്മേളന നഗരിയിലേക്ക് ഇന്നലെ ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ഭക്തരാണ്. ഞായറാഴ്ച വൈകിട്ട് 3ന് ആരംഭിക്കുന്ന മഹാസമ്മേളനത്തിന് തുടക്കം കുറിച്ച് 5 ലക്ഷം മുരുക ഭക്തർ സ്കന്ദ ഷഷ്ഠി കവചം ആലപിക്കും.
6 മണിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. കുമര മലകൾ സംരക്ഷിക്കാനുള്ള ആധ്യാത്മിക മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന സമ്മേളനം തമിഴ്നാടിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് ഹിന്ദു മുന്നണി സംസ്ഥാന അധ്യക്ഷൻ കദേശ്വര സുബ്രഹ്മണ്യൻ പറഞ്ഞു.
അതിശയിപ്പിക്കുന്ന പ്രഭാവമാണ് വേൽ മുരുകൻ ജനങ്ങളിൽ സൃഷ്ടിക്കുന്നതെന്ന് ആറുപടൈ വീട് ദർശിച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ മധുരയിലെത്തിയപ്പോഴാണ് അദ്ദേഹം മുരുകൻ കോവിലുകളിൽ ദർശനം നടത്തിയത്. ഹിന്ദു മുന്നണി നേതാക്കൾ അദ്ദേഹത്തെ പൂർണകുംഭം നൽകി സ്വീകരിച്ചു.
ഒരേയിടത്ത് തന്നെ ആറുപടൈ വീടുകളും കാണാൻ സാധിച്ചത് അതീവ ആനന്ദമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആത്മീയത നമ്മുടെ സംസ്കാരമാണ്. ഹിന്ദു സംസ്കാരത്തെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. നമുക്ക് നമ്മളെ തിരിച്ചറിഞ്ഞ് അഭിമാനിക്കാനുള്ള വഴിയാണ് ആത്മീയത പകരുന്നത്- ഗവർണർ പറഞ്ഞു.