സ്റ്റിങ്ങിനും മറ്റ് ലഹരി വസ്തുക്കൾക്കും സ്കൂൾ പരിസരത്ത് നോ എൻട്രി!; പൂട്ടിടാൻ മഹാരാഷ്ട്ര സർക്കാർ
representative image- Ai
മുംബൈ: സ്റ്റിങ് എനർജി ഡ്രിങ്കും മറ്റ് ലഹരി വസ്തുക്കളും സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ വിൽക്കുന്നത് നിരോധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. സ്റ്റിങ്ങിൽ അടങ്ങിയിരിക്കുന്ന ചില ചേരുവകൾ കുട്ടികൾക്ക് നല്ലതല്ലെന്നും ഇത് ആശങ്കകൾക്ക് ഇടയാക്കിയെന്നും ഇത്തരത്തിലൊരു സാഹചര‍്യത്തിലാണ് നടപടിയെന്നുമാണ് വിവരം.
സ്കൂൾ കുട്ടികളിൽ എനർജി ഡ്രിങ്കുകളുടെ ആഘാതങ്ങളെ പറ്റിയുള്ള ആശങ്കകൾക്കിടയിലാണ് സ്റ്റിങ് നിരോധിക്കാൻ ഒരുങ്ങുന്നതെന്ന് മന്ത്രി നർഹരി സിർവാൾ വ‍്യക്തമാക്കി.
ബിജെപി എംഎൽഎ വിക്രം പച്ച്പ‍്യൂട്ട് നിയമസഭയിൽ ഉന്നയിച്ച ചോദ‍്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയന്ത്രണം നടപ്പാക്കാൻ എഫ്ഡിഎയ്ക്ക് നിർദേശം നൽകിയതായും എനർജി ഡ്രിങ്കുകളുടെ ഉപയോഗം മൂലം വിദ‍്യാർഥികൾക്കുണ്ടാകുന്ന ആരോഗ‍്യ പ്രശ്നങ്ങളെ പറ്റി ബോധവത്കരണ പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാൻ ആവശ‍്യപ്പെട്ടിടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എനർജി ഡ്രിങ്കുകളിൽ കഫീനും പഞ്ചസാരയുടെ അളവും കൂടുതലാണെന്നാണ് ആരോഗ‍്യവിദഗ്ധർ പറയുന്നത്. എനർജി ഡ്രിങ്കുകളുടെയോ മറ്റു ലഹരി വസ്തുക്കളുടെയോ വിൽപ്പന സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ‍്യക്തമാക്കി.