ന‍്യൂഡൽഹി: ഇറ്റലിയിലേക്ക് വ‍്യാജ റസിഡൻസ് പെർമിറ്റ് നൽകി പറ്റിച്ച കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. തോട്ടകാട്ടുകൽ സ്വദേശി രൂപേഷ് പി.ആർ. ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിയായ മലയാളി ഡിജോ ഡേവിസിന്‍റെ പരാതിയിലാണ് നടപടി. ജനുവരി 25നായിരുന്നു ഡിജോ ഡേവിസ് ഇറ്റലിയിൽ നിന്നും നാടുകടതത്തപ്പെട്ട് ഡൽഹിയിലെത്തിയത്. വ‍്യാജ റസിഡൻസ് പെർമിറ്റ് ഉള്ളതിനാലാണ് ഡിജോയെ ഇറ്റലിയിൽ നിന്നും ഇന്ത‍്യയിലേക്ക് നാടുകടത്തിയത്.
ഇറ്റലിയിൽ പോകുന്നതിനായി ട്രാവൽ ഏജന്‍റായ രൂപേഷിന്‍റെ സഹായത്തോടെയാണ് ഡിജോ പേപ്പറുകൾ എല്ലാം ശരിയാക്കിയിരുന്നത്. ഇറ്റലിയിൽ എത്തിയാൽ ഉടൻ ജോലി ലഭിക്കുമെന്നായിരുന്നു രൂപേഷിന്‍റെ വാഗ്ദാനം. ഡിജോയിന് ടിക്കറ്റ് എടുത്ത് നൽകിയതും രൂപേഷാണ്. ഇറ്റലിയിൽ പോകുന്നതിനായി ഡിജോയിൽ നിന്നും 8.2 ലക്ഷം രൂപ രൂപേഷ് വാങ്ങിയിരുന്നു. ഒടുവിൽ ഡിജോയുടെ പരാതിയെ തുടർന്ന് ഡൽഹി പൊലീസ് കേരളത്തിലെത്തിയാണ് രൂപേഷിനെ പിടികൂടിയത്.