Maulana Masood Azhar
ഇസ്‌ലാമബാദ്: 2008 നവംബര്‍ 26 ന് മുംബൈയിലും, 2001 ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്‍റിലും നടന്ന ഭീകരാക്രമണങ്ങളുടെ ആസൂത്രകന്‍ മസൂദ് അസ്ഹറാണെന്നു ജെയ്‌ഷെ-ഇ-മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരി. ഒരു വിഡിയൊയിലൂടെയാണ് മസൂദ് ഇല്യാസ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്‍റ്, 26/ 11 ഭീകരാക്രമണങ്ങളിലുള്ള പങ്കിനെ കുറിച്ചുള്ള ആരോപണങ്ങള്‍ പാക്കിസ്ഥാന്‍ ആവര്‍ത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് ജെയ്‌ഷെ-ഇ-മുഹമ്മദ് സംഘടനയുടെ തന്നെ മുതിര്‍ന്ന അംഗത്തില്‍ നിന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. പാക്കിസ്ഥാന്‍റെ സൈനിക നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തിലാണു ജെയ്‌ഷെ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ഇന്ത്യയുടെ വാദമാണ് ഇപ്പോള്‍ ജെയ്‌ഷെ കമാന്‍ഡറുടെ വെളിപ്പെടുത്തലിലൂടെ ശരിവച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷത്തെ തടവിനുശേഷം ഇന്ത്യ വിട്ടയച്ച മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലിരുന്ന് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തു. 2019ല്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ ബലാകോട്ടിലായിരുന്നു അസ്ഹറിന്‍റെ താവളമെന്നും മസൂദ് ഇല്യാസ് കശ്മീരി പറഞ്ഞു.
'തിഹാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു പുറത്തുവന്നതിനു ശേഷം അമീറുല്‍ മുജാഹിദീന്‍ മൗലാനാ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലേക്ക് എത്തി. അവിടെ അസ്ഹറിന്‍റെ കാഴ്ചപ്പാടും ദൗത്യങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയത് ബലാക്കോട്ടാണ്. മുംബൈയിലും, ഡല്‍ഹിയിലും നടത്തിയ ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭീതിയിലാഴ്ത്തിയെന്നും ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്നു വിശേഷിപ്പിച്ചതായും ' മസൂദ് ഇല്യാസ് കശ്മീരി വിഡിയോയില്‍ പറഞ്ഞു.
ഇന്ത്യയുട നേതൃത്വത്തില്‍ ഈ വര്‍ഷം മേയ് മാസം നടന്ന ഓപ്പറേഷന്‍ സിന്ദൂറിനിടെ ബഹാവല്‍പൂരില്‍ കൊല്ലപ്പെട്ട ജെയ്ഷെ ഭീകരരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ ജനറല്‍മാരോട് ഉത്തരവിട്ടതെങ്ങനെയെന്നും ഇല്യാസ് കശ്മീരി വിവരിക്കുന്നുണ്ട്.
ഇന്ത്യന്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് 'ബഹുമാന സൂചകമായി ആദരമര്‍പ്പിക്കണം' എന്നു പാക്കിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് നിര്‍ദേശിച്ചതെന്ന് കശ്മീരി അവകാശപ്പെട്ടു.